പൈശാചികം ഈ ദുരഭിമാനം: ഹരിയാണയിൽ 22 വയസുകാരിയെ മാതാപിതാക്കള്‍ കഴുത്തറുത്തു കൊന്നു.

single-img
9 September 2019

ഹരിയാണയിൽ വീട്ടുകാരെ എതിർത്ത് വിവാഹം കഴിച്ച യുവതിയെ മാതാപിതാക്കള്‍ കഴുത്തറുത്തു കൊന്നു. ഹരിയാണ സോനിപ്പത് ജില്ലയിലെ ഗൊഹാന താലൂക്കിലുള്ള ഖന്ദ്രായി ഗ്രാമത്തിലാണ് പൈശാചികമായ ദുരഭിമാനക്കൊല നടന്നത്.

റിതു എന്ന 22 വയസുകാരിയായ പെണ്‍കുട്ടിയെയാണ് കുടുംബാംഗങ്ങൾ ചേർന്ന് കൊലപ്പെടുത്തിയത്. രണ്ടുമാസം മുന്‍പ് റിതു വീട്ടുകാരെ എതിര്‍പ്പുകൾ അവഗണിച്ച് അർജ്ജുൻ എന്ന യുവാവിനെ വിവാഹം കഴിക്കുകയും അയാളോടൊപ്പം ഇറങ്ങി പോവുകയും ചെയ്തിരുന്നു. എന്നാല്‍ തന്റെ സഹോദരി അഞ്ജലിയുമായി റിതു തുടർന്നും ബന്ധം നിലനിര്‍ത്തിയിരുന്നു.

കഴിഞ്ഞ ശനിയാഴ്ച്ച താൻ അസുഖ ബാധിതയാണെന്ന് പറഞ്ഞ് അഞ്ജലിയെ വിളിച്ച റിതുവിനെ അഞ്ജലി നാട്ടിലുള്ള ആശുപത്രിയിലേയ്ക്ക് വരാൻ ആവശ്യപ്പെട്ടു. ഭർത്താവിനൊപ്പം ആശുപത്രിയിലെത്തിയ റിതുവിനെ അമ്മയും സഹോദരിയും സഹോദരനും ചേർന്ന് നിർബ്ബന്ധിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. എന്നാൽ ഭർത്താവ് റിതുവിനൊപ്പം പോയില്ല.

വീട്ടിലെത്തിയ റിതുവിനെ കുടുംബാംഗങ്ങൾ ചേർന്ന് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. അതിനുശേഷം അർജ്ജുനെയും പിന്തുടർന്ന് കൊല്ലാൻ ഇവർ ശ്രമിച്ചെങ്കിലും ഇയാൾ ഓടിരക്ഷപ്പെടുകയായിരുന്നു. അർജ്ജുൻ ആണ് തന്റെ ഭാര്യ കൊല്ലപ്പെട്ട വിവരം പൊലീസിനെ അറിയിച്ചത്.

കേസില്‍ പെണ്‍കുട്ടിയുടെ മാതാപിതാക്കളും സഹോദരങ്ങളുള്‍പ്പെടെ ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302 (കൊലപാതകം) വകുപ്പ് പ്രകാരമാണ് പ്രതികൾക്കെതിരെ കേസെടുത്തത്.