ഹരിയാനയിൽ ഇമാമും ഭാര്യയും പള്ളിക്ക് സമീപം കൊല്ലപ്പെട്ട നിലയില്‍

single-img
9 September 2019

ഹരിയാനയിൽ ഇമാമിനേയും ഭാര്യയേയും പള്ളിക്ക് സമീപം കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹരിയാനയിലെ സോന്‍പത്ത് ജില്ലയിൽ ഉൾപ്പെടുന്ന മാണിക് മജ്രിയിലെ പള്ളിക്ക് സമീപത്തു വെച്ചാണ് അക്രമി സംഘം ഇമാമിനേയും ഭാര്യയെയും വെട്ടിക്കൊലപ്പെടുത്തിയത്. ഇര്‍ഫാന്‍ (38) ഭാര്യ യസ്മിന്‍ (25) എന്നിവരെയാണ് കൊല്ലപ്പെട്ടനിലയിൽ കാണപ്പെട്ടത്.

നല്ല മൂര്‍ച്ചയേറിയ ആയുധങ്ങള്‍ കൊണ്ട് ഇരുവരും ആക്രമിക്കപ്പെട്ടതായി പ്രദേശവാസികള്‍ വ്യക്തമാക്കിയതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് പുലര്‍ച്ചെ പ്രാര്‍ത്ഥനയ്ക്കുവേണ്ടി പള്ളിയിലെത്തിയവരാണ് സമീപത്ത് രക്തത്തില്‍ കുളിച്ച് മരിച്ച നിലയില്‍ ഇരുവരേയും കണ്ടെത്തിയത്.

ഇവർ താമസിക്കുന്ന ഗ്രാമത്തില്‍ ആരുമായും ഇവര്‍ക്ക് യാതൊരു രീതിയിലുമുള്ള പ്രശ്നങ്ങളുമില്ല. ശനിയാഴ്ച ദിവസം പുലര്‍ച്ചെ ഗ്രാമത്തിലെ രണ്ടു ഗ്രൂപ്പില്‍പ്പെട്ട ആളുകള്‍ തമ്മില്‍ ഭൂമിതര്‍ക്കം ഉണ്ടായി. ഈ കൊല്ലപ്പെട്ട ഇമാം പ്രശ്നത്തില്‍ ഇടപെടുകയും, ഉടന്‍ തന്നെ പ്രശ്നം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്ന് പ്രശ്നത്തില്‍ ഉള്‍പ്പെട്ട ഒരു ഗ്രൂപ്പ് ഇമാമിനെ ഭീഷണിപ്പെടുത്തി. നിലവിൽ ഇരുവരുടേയും കൊലപാതകത്തിന് പിന്നില്‍ ഈ ഗ്രൂപ്പ് ആണോ എന്ന സംശയമുണ്ടെന്നും പരിസരവാസികള്‍ വ്യക്തമാക്കി.