മരട് നഗരസഭ പ്രതിസന്ധിയില്‍; പൊളിക്കേണ്ട ഫ്ളാറ്റുകൾ ചീഫ് സെക്രട്ടറി ഇന്ന് പരിശോധിക്കും

single-img
9 September 2019
maradu-illegal-flats

എറണാകുളം മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങള്‍ പൊളിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് മരട് നഗരസഭ. സുപ്രീംകോടതി വിധി നടപ്പിലാക്കാനുള്ള സാമ്പത്തിക പ്രതിസന്ധിയോടൊപ്പം താമസക്കാരുടെ പുനരധിവാസവും നഗരസഭക്ക് വെല്ലുവിളിയാകും

അതേസമയം മരടിലെ പൊളിക്കേണ്ട ഫ്ലാറ്റുകള്‍ ചീഫ് സെക്രട്ടറി ടോം ജോസ് ഇന്ന് പരിശോധിക്കും. മരട് നഗരസഭാ അധികൃതരുമായും ടോം ജോസ് ചര്‍ച്ച നടത്തും. വിഷയം ചര്‍ച്ച ചെയ്യാന്‍ മരട് നഗരസഭയുടെ അടിയന്തര യോഗവും ഇന്ന് ചേരും.

സുപ്രീംകോടതി ഉത്തരവുപ്രകാരം ഫ്ളാറ്റുകൾ പൊളിക്കുന്നതിൽ മരട് നഗരസഭയിൽ ആശയക്കുഴപ്പം തുടരുന്ന സാഹചര്യത്തിൽ വിഷയം ചർച്ച ചെയ്യാൻ മരട് നഗരസഭയുടെ സ്റ്റിയറിങ് കമ്മിറ്റി യോഗവും ഇന്ന് ചേരും. ജില്ലാ കലക്ടറുടെ സഹായം തേടാൻ നീക്കം നടത്തിയെങ്കിലും കലക്ടർ അവധിയിലായതിനാൽ കൂടിക്കാഴ്ച വൈകുമെന്നാണ് ലഭിക്കുന്ന വിവരം.

ഫ്ളാറ്റുകൾ പൊളിക്കാനുള്ള ഉത്തരവ് നടപ്പാക്കാതിരുന്നാൽ സുപ്രീംകോടതി കടുത്ത നടപടിയിലേക്ക് കടക്കുമെന്ന് ഉറപ്പായതോടെയാണ് അടിയന്തര നടപടി സ്വീകരിക്കാൻ സംസ്ഥാന സർക്കാർ നഗരസഭയ്ക്ക് നിർദേശം നൽകിയത്. പക്ഷെ കോടതി  ഉത്തരവ് എങ്ങനെ നടപ്പാക്കുമെന്ന കാര്യത്തിൽ നഗരസഭയിൽ സർവത്ര ആശയക്കുഴപ്പമാണ്.

ഫ്ളാറ്റുകൾ ഇരുപതിനകം  പൊളിച്ച് റിപ്പോർട്ട് സമർപിക്കാനാണ് സുപ്രീംകോടതി നിർദേശം. 23ന് സംസ്ഥാന ചീഫ് സെക്രട്ടറി കോടതിയിൽ നേരിട്ട് ഹാജരാകേണ്ടതുമുണ്ട്. ഇതുകണക്കാക്കി പതിനെട്ടിനകം സംസ്ഥാന സർക്കാരിന് റിപ്പോർട്ട് കൈമാറണമെന്നാണ് നഗരസഭയ്ക്ക് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ നിർദേശം.