ഹരിയാനയിൽ കോണ്‍ഗ്രസിന് തിരിച്ചടി; എല്ലാ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്ന് ബിഎസ്പി

single-img
9 September 2019

ഹരിയാനയില്‍ ബിഎസ്പിയുമായി സഖ്യമുണ്ടാക്കാനുള്ള കോണ്‍ഗ്രസ് പാർട്ടിയുടെ ശ്രമത്തിന് തിരിച്ചടി. സംസ്ഥാനത്തെവിടെയും കോണ്‍ഗ്രസുമായോ മറ്റ് ഏതെങ്കിലും പാർട്ടികളുമായോ സഖ്യത്തിനില്ലെന്നും സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളിലും ഒറ്റക്ക് മത്സരിക്കുമെന്നും ബിഎസ്പി വ്യക്തമാക്കി. പാർട്ടിയുടെ രാജ്യസഭ എംപി സതീഷ് ചന്ദ്ര മിശ്രയാണ് ഹരിയാനയിലെ പാര്‍ട്ടി തെരഞ്ഞെടുപ്പ് നിലപാട് വ്യക്തമാക്കിയത്.

കഴിഞ്ഞ ദിവസം ഹരിയാന മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡയും കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ കുമാരി ഷീല്‍ജയും രാത്രി ബിഎസ്പി അധ്യക്ഷ മായാവതിയെ സന്ദര്‍ശിച്ചുവെന്ന റിപ്പോര്‍ട്ടുകളാണ് സംസ്ഥാനത്ത് ഇരുപാര്‍ട്ടികളും സഖ്യത്തിലേക്കെന്ന് വാര്‍ത്തകള്‍ വരാൻ കാരണം. അതേസമയം മായാവതിയുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ട് കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് നിഷേധിച്ചിട്ടുണ്ട്.

സംസ്ഥാനത്ത് ബിഎസ്പിയുമായി സഖ്യമുണ്ടാകുമോ എന്ന ചോദ്യത്തിന് പ്രസക്തിയില്ലെന്നും കോണ്‍ഗ്രസ് തനിച്ച് മത്സരിക്കുമെന്നുമായിരുന്നു ഗുലാം നബി ആസാദ് കഴിഞ്ഞ ദിവസം പ്രതികരിച്ചത്. ഇവിടെ പ്രധാന പ്രതിപക്ഷമായ ഇന്ത്യന്‍ നാഷണല്‍ ലോക്ദളിലെകൂടുതല്‍ നിയമസഭാംഗങ്ങളും നേതാക്കളും ബിജെപിയില്‍ ചേര്‍ന്നതോടെ ഐഎന്‍എല്‍ഡിക്ക് സംസ്ഥാനത്ത് സ്വാധീനം നഷ്ടമായിട്ടുണ്ട്. അതുകൊണ്ട് തന്നെ ബിജെപി – കോണ്‍ഗ്രസ് പോരാട്ടത്തിന് തന്നെ കളം ഒരുങ്ങും.