ഭര്‍ത്താവിനെ കൊന്ന കേസിലെ പ്രതിയായ യുവതിയും സുഹൃത്തുംപിടിയിൽ; കുടുങ്ങിയത് കവർച്ചാ ശ്രമത്തിനിടെ

single-img
8 September 2019

ഭർത്താവിനെ കൊലചെയ്ത കേസിൽ പ്രതിയായ യുവതിയും കൂട്ടു പ്രതിയായ യുവാവും കവർച്ചാ ശ്രമത്തിനിടെ പിടിയിലായി. കാർക്കളയിൽ ആസിഫ്(38), കാപ്പു മജൂറിലെ ഫിർദോസ്(35) എന്നിവരാണ് ഇന്ന് കുന്ദാപുരത്തു പിടിയിലായത്. കുന്ദാപുരം ഫെറിക്കടുത്തുള്ള റോഡിൽ താമസിക്കുന്ന അബു മുഹമ്മദിന്റെ വീട്ടിലാണ് കവർച്ചാ ശ്രമം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം നടന്നത്.

വീട്ടിലുണ്ടായിരുന്ന പുരുഷന്മാർ പള്ളിയിൽ പോയ സമയത്ത് വീട്ടിലെത്തിയ ഇവർ അബു മുഹമ്മദിന്റെ മകന്റെ ഭാര്യയുടെ ബന്ധുക്കളാണെന്നും വിവാഹം ക്ഷണിക്കാൻ എത്തിയതാണ് എന്നും പരിചയപ്പെടുത്തിയാണ് അകത്തു കയറിയത്. ആ സമയം വീട്ടിൽ മറ്റാരും ഇല്ലെന്ന് ഉറപ്പു വരുത്തിയ ശേഷം വീട്ടിലുണ്ടായിരുന്ന സ്ത്രീയുടെ മാല പൊട്ടിക്കാൻ ശ്രമിക്കുകയായിരുന്നു.

ഉടൻ സ്ത്രീ നിലവിളിച്ചതോടെ സമീപവാസികൾ എത്തി ഇരുവരെയും പിടികൂടി പോലീസിൽ ഏൽപിക്കുകയായിരുന്നു. കഴിഞ്ഞ വർഷത്തിൽ ഫിർദോസിന്റെ ഭർത്താവ് മംഗളൂരു ഗഞ്ചിമഠിലെ സമീർ കൊല്ലപ്പെട്ടിരുന്നു. ഈ കൊലപാതകം ഫിർദോസും ആസിഫും ആസൂത്രണം ചെയ്തത് പ്രകാരം സമീറിനെ തന്ത്രപൂർവം തമിഴ്‌നാട്ടിൽ എത്തിച്ച് നടത്തിയതായിരുന്നു. തുടർന്ന് ഈ കേസിൽ അറസ്റ്റിലായ ഇവർ അടുത്തിടെയാണു ജാമ്യത്തിൽ ഇറങ്ങിയത്.