ശബരിമല: നിയമം കൊണ്ടുവരും, കേരളത്തിൽ ബിജെപി സമരം ചെയ്തത് കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശത്തിൽ: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ

single-img
8 September 2019

ശബരിമലയിലെ സ്ത്രീ പ്രവേശന സുപ്രീംകോടതി വിധിക്കെതിരെ നിയമം കൊണ്ടുവരുന്നത് സജീവ പരിഗണനയിലെന്ന് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ. ബിജെപി ഉന്നത നേതാക്കൾ ഇക്കാര്യം ചർച്ച ചെയ്യുന്നുണ്ട്. ഈ വിഷയത്തിൽ ഒന്നോ രണ്ടോ ദിവസം കൊണ്ട് സർക്കാരിന് ബില്ല് കൊണ്ടുവരാനാകില്ല. സുപ്രീം കോടതിയുടെ വിധി വന്നപ്പോൾ കേരളത്തിൽ ബിജെപി സമരം ചെയ്തത് ബിജെപി കേന്ദ്ര നേതൃത്വത്തിന്‍റെ നിർദ്ദേശപ്രകാരമാണെന്നും സദാനന്ദ ഗൗഡ വ്യക്തമാക്കി. പാലായിലെ ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ കേരളത്തിൽ വന്നത്.

ഇതിന്റെ ഭാഗമായി ബിജെപി പാലാ നിയോജക മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത സദാനന്ദ ഗൗഡ പാലായിൽ എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്കെതിരായ വിധിയെഴുത്തുണ്ടാകുമെന്ന ആത്മവിശ്വാസവും പ്രകടിപ്പിച്ചു. പ്രളയ സഹായ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരത്ത് ഇരുന്ന് അനാവശ്യ ആരോപണങ്ങൾ ഉന്നയിക്കുകയാണെന്ന് സദാനന്ദ ഗൗഡ കുറ്റപ്പെടുത്തി.

പ്രളയത്തിൽ സഹായം വേണമെന്ന് മുഖ്യമന്ത്രി ഇതുവരെ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടില്ല.
കേരളത്തിൽ മുഖ്യമന്ത്രിയുടെ ചുമതല വഹിക്കാൻ പിണറായി വിജയൻ പ്രാപ്‍തനല്ല. കേന്ദ്രമന്ത്രി എന്ന നിലയിൽ താൻ അയക്കുന്ന കത്തുകൾക്ക് മുഖ്യമന്ത്രി മറുപടി നൽകുന്നില്ലെന്നും സദാനന്ദ ഗൗഡ വിമര്‍ശിച്ചു.