ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു; ഇടതിന് മികച്ച ലീഡ്

single-img
8 September 2019

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എല്ലാ സീറ്റിലും മികച്ച ലീഡുമായി ഇടത് സഖ്യം. ശനിയാഴ്ച ഉച്ചക്ക് പന്ത്രണ്ടു മണിയോടെയാണ് വോട്ടെണ്ണല്‍ നടപടികള്‍ ആരംഭിച്ചത്. എബിവിപി യുമായി നേര്‍ക്കുനേര്‍ പോരാട്ടത്തിലാണ് ഇത്തവണ ഇടത്പക്ഷം. കേന്ദ്ര പാനലിലെ നാലു സ്ഥാനങ്ങളിലും ഇടത് സഖ്യത്തിനാണ് മേല്‍ക്കൈ.

നാമനിര്‍ദ്ദേശപത്രിക അകാരണമായി തള്ളിയെന്നു ചൂണ്ടിക്കാട്ടി രണ്ടു വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചതാണ് ഫലപ്രഖ്യാപനത്തിലെ പ്രതിസന്ധിക്ക് കാരണം. കേസ് പരിഗണിക്കുന്നത് വരെ ഫലപ്രഖ്യാപനം പാടില്ലെന്ന് ഹൈകോടതി ജഡ്ജി ജസ്റ്റിസ് സഞ്ജയ് സച്ദേവ ഉത്തരവിട്ടു.

സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ വോട്ടുകളാണ് ആദ്യം എണ്ണിത്തുടങ്ങിയത്. പ്രസിഡന്റ് സ്ഥാനത്തേക്ക് എസ്എഫ്‌ഐ യുടെ ഐഷി ഘോഷ് 178 വോട്ടുകള്‍ക്ക് മുന്നിട്ടുനില്‍ക്കുന്നു. എബിവിപി 55 വോട്ടുകള്‍ നേടി.

ഇടതുപക്ഷവും എ.ബി.വി.പി.യും തമ്മില്‍ കടുത്ത മത്സരം നടന്ന തിരഞ്ഞെടുപ്പില്‍ വിധി എന്താവുമെന്നറിയാന്‍ കാത്തിരിക്കുകയാണ് രാഷ്ട്രീയലോകം.എന്‍.എസ്.യു. (ഐ), ഫ്രറ്റേണിറ്റി-ബാപ്സ സഖ്യം തുടങ്ങിയവരാണ് മത്സരരംഗത്തുള്ള മറ്റു സംഘടനകള്‍.