തലസ്ഥാനത്തു കാറുകളുടെ മരണപാച്ചിലിനു ശമനമില്ല! മദ്യപിച്ച് കാർ ഓടിച്ച് പരിഭ്രാന്തി പടർത്തി ഹോം ഗാർഡിനെ ഇടിച്ച് തെറിപ്പിച്ചു

single-img
8 September 2019

തിരുവനന്തപുരം: തലസ്ഥാന നഗരത്തില്‍ അമിതവേഗ ഡ്രൈവിങ്ങില്‍ രാത്രിയില്‍ രണ്ടപകടങ്ങള്‍. പേരൂര്‍ക്കടയിലും ശാസ്തമംഗലത്തുമാണ് അപകടങ്ങൾ ഉണ്ടായത്. പേരൂർക്കട എസ്എപി ക്യാംപിനു സമീപം അമിത വേഗതയിൽ പാഞ്ഞ് വന്ന കാർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹോംഗാർഡിനെ ഇടിച്ചു തെറിപ്പിച്ചു. നിർത്താതെ പോയ കാർ, വാഹനങ്ങളിൽ പിന്തുടർന്ന് നാട്ടുകാർ പിടികൂടുകയായിരുന്നു. ഡ്രൈവർ മദ്യപിച്ച് അബോവസ്ഥയിൽ ആയിരുന്നുവെന്ന് ദൃസാക്ഷികൾ പറഞ്ഞു.

എന്നാൽ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ ഇരുസ്ഥലത്തും അപകടമുണ്ടായ പ്രതികള്‍ പൊലീസിന് പിടികൊടുക്കാതെ രക്ഷപെട്ടു. പേരൂര്‍ക്കട അപകടമുണ്ടാക്കിയ വാഹനം പാറശാല ആര്‍ടിഒയുടെ കീഴിലുള്ള കൃഷ്ണമൂര്‍ത്തിയുടേതാണെന്ന് പോലീസ് കണ്ടെത്തി.

അതേസമയം ശാസ്തമംഗലത്തു തിരുവനന്തപുരം രജിസ്ട്രേഷന്‍ വാഹനമാണ് അപകടമുണ്ടാക്കിയത്. ബൈക്കിലിടിച്ചതിന് ശേഷം ബസ് സ്റ്റോപ്പിന്റെ തൂണിൽ തട്ടിയ കാര്‍ തുടര്‍ന്ന് മറ്റൊരു ബൈക്കിലും കാറിലും കൂടി ഇടിക്കുകയായിരുന്നു. രാജേഷ് ആര്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ശാസ്ത്രമംഗലത്ത് അപകടമുണ്ടാക്കിയ കാര്‍. മ്യുസിയം പോലീസ് എത്തി വാഹനം സ്റ്റേഷനിലെത്തിച്ചു.

മദ്യലഹരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാര്‍ അമിതവേഗതയിൽ അപകടമുണ്ടാക്കി മാധ്യമ പ്രവർത്തകൻ മരിച്ചതിനു തൊട്ടു പിന്നാലെയാണ് നഗരത്തില്‍ വീണ്ടും അമിതവേഗതയും മദ്യപാനവും മൂലം അപകടം സംഭവിച്ചിരിക്കുന്നത് എന്നത് നഗരനിവാസികളിൽ ഏറെ ആശങ്ക ഉളവാക്കുന്നു.