യുഎസിൽ ബോട്ടിന് തീപിടിച്ച് 34 മരണം; മരിച്ചവരിൽ ഇന്ത്യക്കാരായ ദമ്പതികളും യുവ ശാസ്ത്രജ്ഞനും

single-img
8 September 2019
കൗസ്തുഭ് നിർമൽ, സൻജീരി ദേവപുജാരി.

ലൊസാഞ്ചലസ്: യുഎസിൽ കലിഫോർണിയ തീരത്തു ബോട്ടിനു തീപിടിച്ചു മരിച്ച 34 പേരിൽ ഇന്ത്യക്കാരായ ദമ്പതികളും യുവ ശാസ്ത്രജ്ഞനും. കൗസ്തുഭ് നിർമൽ (44), ഭാര്യ സൻജീരി ദേവപുജാരി (31) എന്നിവരും സുനിൽസിങ് സന്ധു (46) എന്ന ഇന്ത്യൻ വംശജനായ ശാസ്ത്രജ്ഞനുമാണ് ഇവരെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്തു.

രണ്ട്‌ വർഷം മുൻപു വിവാഹിതരായ നിർമലും സൻജീരിയും യുഎസിലെ കണക്ടിക്കെട്ടിലാണു താമസിച്ചിരുന്നത്. നിർമൽ, ഏണസ്റ്റ് ആൻഡ് യങ്ങിൽ ഉദ്യോഗസ്ഥനാണ്. സൻജീരി ഡെന്റിസ്റ്റും. പാലോ ആൾട്ടോ എന്ന ഗവേഷണ സ്ഥാപനത്തിൽ ശാസ്ത്രജ്ഞനാണ് സുനിൽ സിങ് സന്ധു,

സ്കൂബ ഡൈവിങ്ങിനു പോയ 33 യാത്രക്കാരും 6 ജീവനക്കാരുമാണു തീപിടിച്ച ബോട്ടിൽ ഉണ്ടായിരുന്നത്. രാത്രിയിൽ തീപിടിത്തം ഉണ്ടായപ്പോൾ യാത്രക്കാർ താഴത്തെ ഡെക്കിൽ ഉറക്കത്തിലായിരുന്നു. ഇവർ പുകശ്വസിച്ചാണ് മരിച്ചത്. മുകളിലത്തെ തട്ടിൽ ഉണ്ടായിരുന്ന 5 ജീവനക്കാർക്കു മാത്രമാണ് കടലിൽ ചാടി രക്ഷപ്പെടാൻ കഴിഞ്ഞത്. അപകടകാരണത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.