മേലുദ്യോഗസ്ഥന്‍ അടിമയോടെന്ന പോലെ പെരുമാറുന്നു; ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന് എസ്‌ഐ

single-img
8 September 2019

തിരുവനന്തപുരം: മേലുദ്യോഗസ്ഥന്റെ പീഡനം മൂലം രാജിവയ്ക്കാനൊരുങ്ങി തിരുവനന്തപുരം റെയില്‍വേ പോലീസ് ഗ്രേഡ് എസ്‌ഐ. ജോലിയില്‍ തുടര്‍ന്നാല്‍ ആത്മഹത്യ ചെയ്യേണ്ടിവരുമെന്നതിനാലാണ് സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്ന് കാണിച്ചു എസ്പി എച്ച് മഞ്ജുനാഥിന് പരാതി നല്‍കിയത്. പൊലീസിലെ അടിമത്തപ്രവണത കുറയ്ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പദ്ധതികള്‍ തയാറാക്കുന്നതിനിടെയാണ് മേലുദ്യോഗസ്ഥനെതിരെ പരാതി വരുന്നത്.

29 വര്‍ഷമായി സര്‍വീസിലുള്ള 53 കാരനായ കാട്ടാക്കട സ്വദേശിയായ റയില്‍വേ ഗ്രേഡ് എസ്‌ഐ ക്ക് എതിരെയാണ് പരാതി. മേലുദ്യോഗസ്ഥനായ എസ്‌ഐ ഏഴു മാസമായി മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. റെയില്‍വേ പ്ലാറ്റ് ഫോമിലും സഹപ്രവര്‍ത്തകരുടെ മുന്‍പിലും അടിമയോടെന്ന പോലെ പെരുമാറുമെന്നും പരേഡ് ദിവസങ്ങളില്‍ വീട്ടുകാരെയടക്കം അധിക്ഷേപിക്കാറുണ്ടെന്നും പരാതിക്കാരന്‍ പറയുന്നു.

കീഴുദ്യോഗസ്ഥരോട് മോശമായി പെരുമാറുന്നവര്‍ സര്‍വീസിലുണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിക്കുമ്പോഴാണ് ഒരു സാധാരണ പോലീസ് ഉദ്യോഗസ്ഥന്‍ രാജിവയ്ക്കാനൊരുങ്ങുന്നത്.