യൂറോ 2020; യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ടിനും ഫ്രാന്‍സിനും പോര്‍ച്ചുഗലിനും തകര്‍പ്പന്‍ ജയം

single-img
8 September 2019
euro 2020

ലണ്ടന്‍: യൂറോ 2020 യോഗ്യതാ റൗണ്ടില്‍ ഇംഗ്ലണ്ടിനും ഫ്രാന്‍സിനും പോര്‍ച്ചുഗലിനും തകര്‍പ്പന്‍ ജയം. ഗ്രൂപ്പ് എയിലെ മൂന്നാം മത്സരത്തില്‍ ഇംഗ്ലണ്ട് മടക്കമില്ലാത്ത നാലു ഗോളിന് ബള്‍ഗേറിയയെയും ഗ്രൂപ്പ് എച്ചില്‍ ഫ്രാന്‍സ് അല്‍ബേനിയയെ ഒന്നിനെതിരേ നാലു ഗോളിനും ഗ്രൂപ്പ് ബിയില്‍ പോര്‍ച്ചുഗല്‍ സെര്‍ബിയയെ രണ്ടിനെതിരേ നാലു ഗോളിനുമാണ് തോല്‍പിച്ചത്.

വെംബ്ലി സ്‌റ്റേഡിയത്തില്‍ ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഹാട്രിക് നേടിയ മത്സരത്തില്‍ ബള്‍ഗേറിയക്കെതിരേ ഇംഗ്ലണ്ട് സമ്പൂര്‍ണാധിപത്യം പുലര്‍ത്തുകയായിരുന്നു. രണ്ട് പെനാല്‍റ്റികള്‍ അടക്കം 24, 49, 73 മിനിറ്റുകളിലായിരുന്നു കെയ്‌നിന്റെ ഗോളുകള്‍. 49, 73 മിനിറ്റുകളിലായിരുന്നു പെനാല്‍റ്റികള്‍. ആദ്യത്തേത് മാര്‍ക്കസ് റാഷ്‌ഫോഡിനെ നിക്കോളായ് ബൊദുരോവ് ഫൗള്‍ ചെയ്തതിനും രണ്ടാമത്തേത് കെയ്‌നിനെ ക്രിസ്റ്റ്യൻ ദിമിത്രോവ് ഫൗള്‍ ചെയ്തതിനുമാണ് ലഭിച്ചത്. 40 മത്സരങ്ങളില്‍ നിന്നുള്ള കെയ്‌നിന്റെ ഇരുപത്തിയഞ്ചാം ഗോളായിരുന്നു ഇത്.

ഈ ജയത്തോടെ മൂന്ന് കളികളില്‍ നിന്ന് ഒന്‍പത് പോയിന്റോടെ ഗ്രൂപ്പ് എയില്‍ മുന്നിട്ടുനില്‍ക്കുകയാണ് ഇംഗ്ലണ്ട്. അഞ്ച് കളികളില്‍ നിന്ന് രണ്ട് പോയിന്റുള്ള ബള്‍ഗേറിയ ഗ്രൂപ്പില്‍ ഏറ്റവും അവസാനക്കാരാണ്.