രേഖകള്‍ വിശ്വാസയോഗ്യമല്ല; തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ ചെക്ക് കേസ് കോടതി തള്ളി, യാത്ര വിലക്ക് നീങ്ങി.

single-img
8 September 2019

ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ യുഎഈ അജ്മാന്‍ കോടതിയില്‍ ഉണ്ടായിരുന്ന ചെക്ക് കേസ് കോടതി തള്ളി. തൃശൂര്‍ സ്വദേശി നാസില്‍ അബ്ദുല്ല അജ്മാന്‍ കോടതിയില്‍ നല്‍കിയ രേഖകള്‍ വിശ്വാസയോഗ്യമല്ലെന്ന് വിലയിരുത്തിയാണ് കേസ് തള്ളിയത്. ഇതോടെ കേസിനായി പിടിച്ചെടുത്ത തുഷാറിന്റെ പാസ്‌പോര്‍ട്ട് തിരിച്ചു നല്‍കി.

നേരത്തേ നാട്ടിലേക്ക് തുഷാര്‍ പോകുന്നത് തടയാന്‍ നാസില്‍ നല്‍കിയ സിവില്‍ കേസും കോടതി തള്ളിയിരുന്നു. ആഗസ്റ്റിലാണ് തുഷാറിനെ അജ്മാന്‍ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

നീതിയുടെ വിജയമാണിതെന്ന് കോടതി വിധിക്ക് ശേഷം തുഷാര്‍ പ്രതികരിച്ചു. യുഎഇ ഭരണകൂടത്തിനും കേരള മുഖ്യമന്ത്രിക്കും എംഎ യൂസഫ് അലിക്കും തുഷാർ നന്ദി പറഞ്ഞു. തന്റെ നിരപരാധിത്വം തെളിഞ്ഞുവെന്നും അതിൽ സന്തോഷിക്കുന്നുവെന്നും തുഷാർ കൂട്ടിച്ചേർത്തു.