‘അവര്‍ എന്റെ മകന്റെ ഭാര്യയെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു’; വാഷിങ്ടണ്‍ പോസ്റ്റില്‍ കാശ്മീരി സ്ത്രീയുടെ വാക്കുകള്‍ പങ്ക് വെച്ച് റാണാ അയൂബ്

single-img
7 September 2019

കാശ്മീരിൽ സൈനികനില്‍ നിന്നും തന്റെ മകന്റെ ഭാര്യയെ രക്ഷിക്കണമെന്ന് സന്ദര്‍ശനത്തിനിടെ ഒരു സ്ത്രീ തന്നോട് ആവശ്യപ്പെട്ടതെന്ന് എഴുത്തുകാരി റാണാ അയൂബ്. അവർ ദ വാഷിങ്ടണ്‍ പോസ്റ്റില്‍ എഴുതിയ പുതിയ ലേഖനത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. കാശ്മീർ സന്ദർശനത്തിൽ പുല്‍വാമയിലേലേക്ക് പോകുമ്പോൾ തങ്ങള്‍ കണ്ട മുസഫിര്‍ അഹമ്മദ് എന്ന യുവാവിന്റെ കുടുംബം നേരിട്ട അതിക്രമങ്ങളെക്കുറിച്ച് വിവരിക്കവേയാണ് റാണ മുസഫറിന്റെ അമ്മ തന്നോട് ആവശ്യപ്പെട്ട കാര്യം പറയുന്നത്.

‘ അയാളുടെ അമ്മ എന്നെ അവരുടെ വീട്ടിനുള്ളിലേക്ക് ക്ഷണിച്ചു.എനിക്ക് അവരുടെ മകന്റെ ഭാര്യയെ രക്ഷിക്കാനാവുമോ എന്നാണ് അവര്‍ ചോദിച്ചത്. ‘അവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നു, അവര്‍ എന്നോട് എന്റെ മകന്റെ ഭാര്യയെ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.’ വീട്ടിലെത്തിയ ഉദ്യോഗസ്ഥരെക്കുറിച്ച് അവര്‍ പറയുന്നു. ‘
ഇനിയും അവര്‍ വരുമോയെന്നാണ് എന്റെ പേടി.’ എന്നും അവര്‍ പറഞ്ഞതായി റാണാ അയൂബ് എഴുതുന്നു. കേന്ദ്ര സർക്കാർ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റിയ തീരുമാനം വന്നതിന്റെ പിന്നാലെ ആഗസ്റ്റ് ആറിനാണ് മുസഫറിന്റെ വീട്ടിലേക്ക് രാഷ്ട്രീയ റൈഫിള്‍സ് സംഘം എത്തിയത്.

വീട് കൊള്ളയടിച്ച രാഷ്ട്രീയ റൈഫിള്‍സ് സംഘം മുസഫറിനെ മര്‍ദ്ദിക്കുകയും ചെയ്‌തെന്നാണ് ലേഖനത്തില്‍ റാണ അയൂബ് പറയുന്നത്. ‘ അവിടെ ഞാൻ മുസഫര്‍ അഹമ്മദിനെ കണ്ടു. അവന് ഇപ്പോൾ 20 വയസാണ്. പരിഗാമിലെ ഒരു ബേക്കറിയില്‍ മകനും സഹോദരനുമൊപ്പം ജോലി ചെയ്യുകയാണ്. അവന്റെ അച്ഛന്‍ ഷാബിര്‍ ഞങ്ങളോട് പറഞ്ഞു, ആഗസ്റ്റ് ആറിന് രാഷ്ട്രീയ റൈഫിള്‍സിന്റെ സുരക്ഷാ യൂണിറ്റിലെ ചിലര്‍ വീട്ടിലെത്തുകയും വാതിലിനു മുട്ടുകയും ചെയ്തു.

ഇന്ത്യന്‍ സൈന്യം സഞ്ചരിക്കാൻ ഉപയോഗിക്കുന്ന മൈന്‍ റസിസ്റ്റന്റ് വാഹനത്തിലാണ് അവര്‍ വന്നത്. വീട്ടിലെത്തിയ അവർ വീടിന്റെ ജാലകങ്ങള്‍ പൊട്ടിക്കാന്‍ തുടങ്ങി. ആ സമയം ഓഫീസര്‍മാര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നാണ് മുസഫര്‍ എന്നോടു പറഞ്ഞത്. 30 ഓളം വരുന്ന ഓഫീസര്‍മാര്‍ വീട് കൊള്ളയടിച്ചു. അതിൽ ഒരാള്‍ മുസഫറിന്റെ കഴുത്തിന് പിടിച്ചുകൊണ്ട് ചോദിച്ചു, ‘എവിടെയാണ് നിങ്ങളുടെ കുട്ടാളികള്‍?’.

തുടർന്ന് അയാള്‍ മുസഫറിനെ വലിച്ചിഴച്ച് പ്രദേശത്തെ പള്ളിയ്ക്ക് അരികിലെത്തിച്ച് പള്ളിക്കുനേരെ കല്ലെറിയാന്‍ ആവശ്യപ്പെട്ടു. അതിന് മുസഫര്‍ വിസമ്മതിച്ചപ്പോള്‍ അവര്‍ അവനെ വീണ്ടും മര്‍ദ്ദിച്ചു. ‘ നിങ്ങള്‍ ഞങ്ങള്‍ക്ക് നേരെ കല്ല് എറിയും പോലെ പള്ളിയ്ക്കുനേരെ കല്ലെറിയൂ, ‘ അവര്‍ തന്നോട് പറഞ്ഞതായി അവന്‍ പറഞ്ഞു.’ ലേഖനത്തില്‍ പറയുന്നു.