പി എസ് സി പരീക്ഷാത്തട്ടിപ്പിലെ പ്രതികൾ കോടതിയിൽ കീഴടങ്ങി

single-img
7 September 2019

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാത്തട്ടിപ്പ് കേസില്‍ പ്രതികളായ പ്രണവും സഫീറും തിരുവനന്തപുരം സിജെഎം കോടതിയിൽ കീഴടങ്ങി. കേസില്‍ പ്രണവ് രണ്ടാം പ്രതിയും സഫീര്‍ നാലാം പ്രതിയുമാണ്.

യൂണിവേഴ്സിറ്റി കോളേജിലെ സംഘർഷവും തുടർന്ന് മുൻ എസ് എഫ് ഐ നേതാക്കളായ ശിവരഞ്ജിത്തും നസീമും അറസ്റ്റിൽ ആകുന്നതോടെയാണ് പി എസ് സി തട്ടിപ്പ് പുറത്താകുന്നത്. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ തന്നെ വിദ്യാര്‍ത്ഥിയായ പ്രണവ് പിഎസ്‍സി പൊലീസ് റാങ്ക് പട്ടികയിലെ രണ്ടാം റാങ്കുകാരനാണ്. പരീക്ഷാ തട്ടിപ്പിന്‍റെ ആസൂത്രണത്തിലും പ്രണവിനും സഫീറിനും പങ്കുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ നിഗമനം.

പ്രണവിനെ നേരത്തെ പിഎസ്‍സി വിജിലന്‍സ് ചോദ്യം ചെയ്തിരുന്നു. ശേഷം വിട്ടയച്ച പ്രണവ് ഒളിവില്‍പ്പോകുകയായിരുന്നു. ക്രൈംബ്രാഞ്ച് ആണ് ഇപ്പോള്‍ കേസ് അന്വേഷിക്കുന്നത്. പിഎസ്‍സി പരീക്ഷാ തട്ടിപ്പ് സംസ്ഥാന ഏജൻസി അന്വേഷിച്ചാൽ തെളിയില്ലെന്നും അതിനാൽ തന്നെ സിബിഐ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ഒരു സംഘം ഉദ്യോഗാർത്ഥികൾ ഹൈക്കോടതിയിൽ ഹർജി നൽകയിട്ടുണ്ട്.