കടുത്ത നിലപാടുമായി ജോസഫ് വിഭാഗം:പ്രചാരണത്തില്‍ നിന്നും വിട്ടുനില്‍ക്കും

single-img
7 September 2019

കോട്ടയം: പാലാ ഉപതെരഞ്ഞെടുപ്പില്‍ യൂ ഡി എഫ് സ്ഥാനാര്‍ഥി ജോസ് ടോം പുലിക്കുന്നേലിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങില്ലെന്ന് ജോസഫ് പക്ഷം വ്യക്തമാക്കി.യു.ഡി.എഫ് കണ്‍വന്‍ഷനിടെ കേരള കോണ്‍ഗ്രസ് മാണി വിഭാഗം വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ.ജോസഫിനെ ജോസ് കെ.മാണി വിഭാഗം അപമാനിച്ചതില്‍ പ്രതിഷേധിച്ചാണ് തീരുമാനം. ഇക്കാര്യം ചൂണ്ടിക്കാട്ടി പൊലീസിലും പരാതി നല്‍കിയിട്ടുണ്ട്. യു.ഡി.എഫ് ഇടപെട്ട് പരിഹാരം ഉണ്ടാക്കണമെന്നും ജോസഫ് വിഭാഗം ജില്ലാ പ്രസി‌ഡന്റ് സജി മഞ്ഞക്കടമ്പില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പാലായില്‍ നടന്ന യു.ഡി.എഫ്​ കണ്‍വെന്‍ഷനില്‍ പ​ങ്കെടുക്കാനെത്തിയ ജോസഫിനെ ജോസ്​ കെ. മാണി വിഭാഗം നേതാക്കള്‍ കൂക്കി വിളിക്കുകയും ഗോബാക്ക്​ വിളിച്ച്‌​ അധിക്ഷേപിക്കുകയും ചെയ്​തിരുന്നു.

അതേസമയം, പാലാ ഉപ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കാതിരുന്ന പി.ജെ ജോസഫിന്റെ തീരുമാനം ശരിയായിരുന്നെന്ന് കേരള കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് സി.എഫ് തോമസ് പ്രതികരിച്ചു.
ജോസഫ് പാര്‍ട്ടി ഭരണഘടനയനുസരിച്ചാണ് പ്രവര്‍ത്തിച്ചതെന്ന് സി.എഫ് തോമസ് പറഞ്ഞു. തെരഞ്ഞെടുപ്പു വേളയില്‍ തര്‍ക്കമുണ്ടാക്കുന്നത് നല്ലതല്ല. കേരള കോണ്‍ഗ്രസ് മുഖപത്രമായ പ്രതിച്ഛായയില്‍ പ്രസിദ്ധീകരിച്ച ജോസഫിനെതിരായുള്ള വിവാദ ലേഖനം താന്‍ വായിച്ചിട്ടില്ലെന്നും സി എഫ് തോമസ് പറഞ്ഞു.