തുടര്‍ച്ചയായ നാലു പന്തുകളില്‍ നാല് വിക്കറ്റ്; ഹാട്രിക്കിൽ വസീം അക്രത്തിന്റെ റെക്കോഡ് തകര്‍ത്ത് മലിംഗ

single-img
7 September 2019

കഴിഞ്ഞ ദിവസം നടന്ന ന്യൂസിലാന്റിനെതിരായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റി20 മത്സരത്തില്‍ അത്ഭുത പ്രകടനവുമായി ശ്രീലങ്കയുടെ വെറ്ററൻ താരം ലസിത് മലിംഗ. മത്സരത്തിൽ തന്റെ ഒരോവറില്‍ തുടര്‍ച്ചയായ നാലു പന്തുകളില്‍ കിവിസിന്റെ നാല് മുന്‍നിര ബാറ്റ്‌സ്മാന്‍മാരെയാണ് മലിംഗ പുറത്താക്കിയത്.
കളിയുടെ മൂന്നാം ഓവറില്‍ പന്തെറിയാനെത്തിയ മലിംഗ കോളിന്‍ മണ്‍റോ, ഹാമിഷ് റുഥര്‍ഫോര്‍ഡ്, കോളിന്‍ ഗ്രാന്‍ഡ് ഹോം, റോസ് ടെയ്‌ലര്‍ എന്നിവരെയാണ് കൂടാരം കയറ്റിയത്.

ഈ ഒറ്റ ഓവർ കഴിഞ്ഞപ്പോൾ കിവീസിന്റെ നില മൂന്നോവറില്‍ 15/4 എന്ന നിലയിലെത്തി. പിന്നാലെ അഞ്ചാം ഓവര്‍ എറിയാനെത്തിയ താരം ടിം സിഫെര്‍ട്ടിനെ കൂടി പുറത്താക്കി ട്വന്റി20 യിലെ തന്റെ രണ്ടാമത്തെ 5 വിക്കറ്റ് പൂര്‍ത്തിയാക്കി.ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ 126 റണ്‍സ് ചേസ് ചെയ്യുകയായിരുന്ന കിവീസ് ഇന്നിങ്‌സ് 88ലൊതുങ്ങി.

ഇന്നലത്തെ പ്രകടനത്തോടെഅന്താരാഷ്ട്ര ക്രിക്കറ്റിലും ഏറ്റവും കൂടുതല്‍ ഹാട്രിക് നേടുന്ന റെക്കോര്‍ഡ് മലിംഗ സ്വന്തമാക്കിയിരിക്കുകയാണ്. പാകിസ്താൻ താരം വസീം അക്രത്തിന്റെ റെക്കോര്‍ഡാണ് മലിംഗ മറികടന്നത്.