കൊച്ചിയിലെ ഗതാഗത കുരുക്കിന് മറുപടി പറയേണ്ടത് പൊലിസ് മേധാവിയും കളക്ടറുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരൻ

single-img
7 September 2019

എറണാകുളം: ഗതാഗത കുരുക്കിന് കാരണം പൊതുമരാമത്ത് വകുപ്പ് അല്ല. അത് പൊലീസ് മേധാവിയോടും കളക്ടറോടും ചോദിക്കണമെന്ന് മന്ത്രി ജി സുധാകരൻ. കൊച്ചിയിൽ കഴിഞ്ഞ ദിവസം വൻ ഗതാഗത കുരുക്ക് ഉണ്ടായ വൈറ്റില കുണ്ടന്നൂർ ജംക്ഷൻ സന്ദർശിക്കാൻ എത്തിയപ്പോഴായിരുന്നു പൊതുമരാമത്ത് വകുപ്പ് മന്ത്രിയുടെ പ്രതികരണം.

ഇന്നലെ വൈകിട്ട് കൊച്ചി നഗരത്തിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചിരുന്നു. റോഡിലെ കുഴികളാണ് ഇതിന് കാരണം എന്നായിരുന്നു ഉദ്യോഗസ്ഥരുടെ കണ്ടെത്തൽ. മേൽപ്പാല നിർമ്മാണമാണോ ഗതാഗത കുരുക്കിന് കാരണം എന്ന് ചോദിച്ചപ്പോൾ ഏഴു മാസത്തിനകം നിർമ്മാണം പൂർത്തിയാകും എന്ന മറുപടിയാണ് അദ്ദേഹം നൽകിയത്. ഇപ്പോഴും കൊച്ചിയിലെ ഗതാഗതം സധാരണ ഗതിയിൽ ആയിട്ടില്ല.

മറ്റ് റോഡുകളുടെ സ്ഥിതിയും മന്ത്രി നേരിട്ടെത്തി വിലയിരുത്തും. റോഡുകൾ നവീകരിക്കുന്നതിന് ഫണ്ട് ലഭിക്കുന്നില്ലെന്ന് ജി. സുധാകരൻ പറഞ്ഞിരുന്നു. ഇന്നലെ പൊലീസ് ഉദ്യോഗസ്ഥരടക്കം കല്ല് പെറുക്കിയിട്ട് റോഡ് നന്നാക്കുന്നത് മാധ്യമങ്ങളിൽ ചർച്ചയായിരുന്നു.