ഡി കെ ശിവകുമാർ വിഷയത്തിൽ മിണ്ടരുതെന്ന് കർണ്ണാടക ബിജെപി അധ്യക്ഷൻ അണികൾക്ക് നിർദേശം നൽകി

single-img
7 September 2019

ബാംഗ്ലൂർ: ഡി കെ ശിവകുമാർ വിഷയത്തിൽ ഇടപെടരുതെന്നും, പ്രതികരണങ്ങൾ നടത്തരുതെന്നും ബിജെപി കർണ്ണാടക അധ്യക്ഷൻ അണികൾക്ക് നിർദേശം നൽകി. ബിജെപി യുടെ കർണ്ണാടക സംസ്ഥാന അധ്യക്ഷൻ നളിൻ കുമാർ കട്ടീൽ ആണ് അണികളോട് ഇക്കാര്യം നിർദേശിച്ചത്. ബിജെപി കോ ഓർഡിനേറ്റിംഗ് മീറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കണക്കിൽപെടാത്ത സ്വത്ത് കൈവശം വച്ച കേസിൽ ഡി കെ ശിവകുമാർ എൻഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലാണ്.

കർണ്ണാടക മുഖ്യമന്ത്രി യെദിയൂരപ്പയും ഡി കെ യ്ക്ക് അനുകൂല പരാമർശം നടത്തിയിരുന്നു. ഇത് പാർട്ടിയിൽ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ഇത് രാഷ്ട്രീയ പകപോക്കൽ അല്ലെന്നും, ശിവകുമാർ എത്രയും വേഗം പുറത്ത് വരട്ടെ എന്ന് ആശംസിക്കുന്നതായും യെദിയൂരപ്പ മുൻപ് പറഞ്ഞിരുന്നു.

ബിജെപി നേതാക്കൾക്ക് പണം നൽകി ആരോപണങ്ങൾ പറയിപ്പിക്കുന്നത് കോൺഗ്രസ് ആണെന്ന് നളിൻ കട്ടീൽ നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു. ആരും ഇതിൽ വീഴരുതെന്നും അദ്ദേഹം അണികളെ ഓർമ്മപ്പെടുത്തിയിരുന്നു.

കർണ്ണാടകയിലെ ഭരണ മാറ്റ ഘട്ടത്തിലും മറ്റും കോൺഗ്രസിനെ നയിച്ചത് ശിവകുമാറായിരുന്നു. ഇതിന്റെ പ്രതികാരമാണ് ഇപ്പോഴത്തെ അറസ്റ്റ് എന്നാണ് കോൺഗ്രസിന്റെ ആരോപണം. മുൻ കേന്ദ്രമന്ത്രി പി.ചിദംബരത്തെ അറസ്റ്റ് ചെയ്ത് ഉടനെയാണ് ശിവകുമാറിനെയും അറസ്റ്റ് ചെയ്തത്.