ഹരിയാനാ മഹിളാ കോൺഗ്രസ് അധ്യക്ഷ സുമിത്ര ചൗഹാൻ ബിജെപിയിൽ ചേർന്നു

single-img
7 September 2019

ഹരിയാനയിൽ പാർട്ടിക്ക് തിരിച്ചടിയായി മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ സുമിത്ര ചൗഹാൻ രാജിവച്ച് ബിജെപിയിൽ ചേർന്നു. ചൗഹാനെ ബിജെപിയിലേക്ക് സംസ്ഥാന അധ്യക്ഷൻ സുഭാഷ് ബരാല സ്വാഗതം ചെയ്തു. കോൺഗ്രസ് സ്വീകരിച്ച കാശ്മീർ, മുത്തലാഖ് ബില്ലുകളിലെ നിലപാടിൽ വിയോജിച്ചാണ് താൻ പാർട്ടി വിടുന്നതെന്ന് സുമിത്ര ചൗഹാൻ പറഞ്ഞു.

ഹരിയാനയിൽ നിലവിൽ മനോഹർ ലാൽ ഖട്ടാറിന്റെ ഭരണത്തിൽ താൻ സന്തുഷ്‌ടയാണെന്നും അവർ വ്യക്തമാക്കി. സംസ്ഥാനത്തെ ഉൾപ്പാർട്ടി പോരിന് അവസാനം കാണാൻ കഴിഞ്ഞ ദിവസമാണ് പുതിയ സംസ്ഥാന അധ്യക്ഷനെ കോൺഗ്രസ് ഹൈക്കമാന്റ് പ്രഖ്യാപിച്ചത്. ഡൽഹിയിൽ ഗാന്ധി കുടുംബവുമായി അടുത്ത ബന്ധം പുലർത്തുന്ന കുമാരി സെൽജയ്ക്കാണ് പാർട്ടി സംസ്ഥാന അധ്യക്ഷ സ്ഥാനം നൽകിയത്.

അതേപോലെ മുൻ മുഖ്യമന്ത്രിയായ ഭൂപീന്ദർ സിംഗ് ഹൂഡയെ നിയമസഭയിൽ പാർലമെന്ററി പാർട്ടി നേതാവായും തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി ചെയർപേഴ്‌സണായും ചുമതല നൽകിയിരുന്നു. ഒക്ടോബറിൽ ഹരിയാനയിൽ അസംബ്ലി തെരഞ്ഞെടുപ്പ് നടക്കും.