ഫേസ്ബുക്ക് പോസ്റ്റുകൾക്ക് ലഭിക്കുന്ന ലൈക്കുകൾ മറച്ചുവെക്കും

single-img
7 September 2019

ഫേസ്ബുക്ക് പോസ്റ്റിനു ലഭിക്കുന്ന ലൈക്കുകളുടെ എണ്ണം എല്ലാവർക്കും കാണാനാകാത്ത വിധം മറച്ചു വെക്കാനൊരുങ്ങി ഫേസ്ബുക്ക്. ലൈക്കുകള്‍ കൂടുന്നതും കുറയുന്നതും അനുസരിച്ച് സന്തോഷിക്കുകയും ദുഖിക്കുകയും ചെയ്യന്നവരാണ് മിക്കവാറും ആളുകൾ. ഇതിന് പരിഹാരം കാണാനുളള ശ്രമത്തിലാണ് ഫേസ്ബുക്ക്‌.ഫേസ്ബുക്കിന്റെ കീഴിലുളള ഇന്‍സ്റ്റഗ്രാമില്‍ പരീക്ഷണാര്‍ത്ഥത്തില്‍ ഈ സംവിധാനം നിലനില്‍ക്കുന്നുണ്ട്. കാനഡ, ബ്രസീല്‍ ഉള്‍പ്പെടെ ഏഴു രാജ്യങ്ങളിൽ പരീക്ഷണാര്‍ത്ഥത്തില്‍ ലൈക്ക് മറച്ചുവെക്കൽ സംവിധാനം നടപ്പിലാക്കിയിട്ടുണ്ട്.

ഉപഭോക്താക്കളുടെ സംരക്ഷണാര്‍ത്ഥവും സൗകര്യാർത്ഥവും ലൈക്കുകള്‍ മറച്ചുവെയ്ക്കുന്നതിനുളള സംവിധാനം ഒരുക്കാനാണ് ഫേസ്ബുക്ക്‌ ഒരുങ്ങുന്നത് എന്നാണ് സൂചന. പോസ്റ്റുകളുടെ താരതമ്യപഠനം ഒഴിവാക്കാന്‍ ഇതുവഴി സാധിക്കുമെന്ന് ഫേസ്ബുക്ക് കണക്കുകൂട്ടുന്നു.

മറ്റുളളവര്‍ ഇട്ട സമാനമായ പോസ്റ്റിന് ലഭിച്ച സ്വീകാര്യതയുമായി താരതമ്യം ചെയ്ത തന്റെ പോസ്റ്റിന് വേണ്ട സ്വീകാര്യത ലഭിച്ചില്ല എന്ന പരാതി ഒഴിവാക്കാന്‍ പുതിയ സംവിധാനം വഴി സാധിക്കുമെന്ന് ഫേസ്ബുക്ക്‌ കരുതുന്നു. തുടക്കത്തില്‍ ന്യൂസ് ഫീഡ് പോസ്റ്റുകളിലാണ് ഈ സംവിധാനം ഏര്‍പ്പെടുത്താന്‍ ഫേസ്ബുക്ക്‌ നീക്കം നടത്തുന്നത്.