ചന്ദ്രയാന്‍-2: ആശങ്കയുടെ നിമിഷങ്ങൾ; വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതായി ഐഎസ്ആർഓ

single-img
7 September 2019

ഐഎസ്ആർഓയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ രാജ്യത്തിന്റെ തന്നെ ഏറ്റവും വലിയ ദൗത്യമായ ചന്ദ്രയാന്‍-2 സോഫ്റ്റ് ലാന്‍ഡിംഗ് എന്ന ലക്ഷ്യത്തിന്റെ അവസാന ഘട്ടം വരെയെത്തിയെങ്കിലും ലക്ഷ്യത്തിലെത്താനായില്ല. ഇന്ന് പുലർച്ചെ ചന്ദ്രന്റെ ഉപരിതലത്തിൽ 2.1 കിലോമീറ്റര്‍ ഉയരത്തില്‍ വരെയെത്തിയ വിക്രം ലാന്‍ഡറില്‍ നിന്ന് പിന്നീട് സിഗ്നലുകള്‍ ലഭിച്ചില്ല.

അവസാന നിമിഷങ്ങളിൽ അപ്രതീക്ഷിതമായി ബന്ധം നഷ്ടപ്പെടുകയായിരുന്നുവെന്ന് ഇസ്‌റോ ചെയര്‍മാന്‍ ഡോ. കെ.ശിവന്‍ അറിയിച്ചു. ബെംഗളൂരുവിലെ പീനിയയിലെ ഐഎസ്ആർഓ ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്സില്‍ നിന്നുമാണ് ലാന്‍ഡറിനാവശ്യമുള്ള നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇവിടെയെത്തിയിരുന്നു. ചന്ദ്രനിലേക്കുള്ള ഏറ്റവുംകുറഞ്ഞ ദൂരമായ 35 കിലോമീറ്ററെത്തിയപ്പോള്‍ ഇറങ്ങുന്നതിനുള്ള കമാന്‍ഡ് നല്‍കി.

ഇന്ന് പുലര്‍ച്ചെ 1.38ന് ചന്ദ്രോപരിതലത്തില്‍ നിന്ന് 30 കിലോമീറ്റര്‍ മുകളിലായിരുന്നു വിക്രം. പത്തു മിനിറ്റിൽ മുൻ നിശ്ചയ പ്രകാരം ചന്ദ്രന് 7.4 കിലോമീറ്റര്‍ അടുത്തേക്ക് റഫ് ലാന്‍ഡിങ്ങിലൂടെ ലാന്‍ഡറിനെ താഴ്ത്തി. അതുവരെ ചരിഞ്ഞപാതയില്‍ സഞ്ചരിച്ചിരുന്ന ലാന്‍ഡറിനെ കുത്തനെ ഇറക്കേണ്ട ഫൈന്‍ ലാന്‍ഡിങ് ഘട്ടമായിരുന്നു അടുത്തത്. എന്നാൽ തുടർന്ന് അപ്രതീക്ഷിതമായി വിക്രമുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു.

നിരാശപ്പെടരുതെന്നും, പ്രതീക്ഷ കൈവിടുകയുമരുത്, ഇനിയും ശ്രമം തുടരും. നമ്മള്‍ വിജയം നേടുകതന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി ഐഎസ്ആർഓ ചെയര്‍മാന്‍ ഡോ.കെ. ശിവനോടും സഹപ്രവര്‍ത്തകരോടും പറഞ്ഞു തുടർന്ന് പ്രധാനമന്ത്രി ഗവേഷകരെ അഭിസംബോധനചെയ്ത് സംസാരിക്കും എന്ന വിവരമാണ് ലഭിക്കുന്നത്.