ബി ജെ പി എംഎല്‍എ കുല്‍ദീപ് സിംഗ് സെൻഗാറിനെതിരെ ഉന്നാവ് പെൺകുട്ടി മൊഴി നൽകി

single-img
6 September 2019

ന്യു ഡൽഹി: ഉന്നാവ് പീഡനകേസിലെ പരാതിക്കാരിയായ പെൺകുട്ടിയുടെ മൊഴി പുറത്ത്. കാറപകടം, ബലാത്സംഗ കേസിലെ പ്രതിയായ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെന്‍ഗാർ നടത്തിയ ഗൂഢാലോചനയുടെ  ഭാഗമാണെന്ന് പെൺകുട്ടി സി ബി ഐക്ക് മൊഴി നൽകി.

വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ഉന്നാവ് പെണ്‍കുട്ടിയുടെ മൊഴി കഴിഞ്ഞ ദിവസമാണ് സിബിഐ ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തുയത്. പെണ്‍കുട്ടി ഇപ്പോഴും എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ്. പെണ്‍കുട്ടിയെ ഐസിയുവില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയതിന് ശേഷമാണ് സി ബി ഐ ഉദ്യോഗസ്ഥർ മൊഴിയെടുത്തത്.

പെണ്‍കുട്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടെന്ന് അശുപത്രി അധികൃതര്‍ അറിയിച്ചു. സുപ്രീംകോടതി ഇടപെട്ടാണ് ലഖ്‍നൗവിലെ കിംഗ് ജോര്‍ജ് ആശുപത്രിയില്‍ നിന്ന് പെണ്‍കുട്ടിയെ ദില്ലി എയിംസ് ആശുപത്രിയിലേക്ക് മാറ്റിയത്.

ജൂലൈ 28 ന് ട്രക്ക് കാറില്‍ ഇടിച്ചുള്ള അപകടത്തില്‍ പെട്ട് ചികിത്സയില്‍ ആയ ശേഷം ആദ്യമായാണ് പരാതിക്കാരിയായ പെൺകുട്ടി പ്രതികരിക്കുന്നത്. ഉന്നാവോയില്‍ നിന്നും റായ്ബറേലിയിലിലേക്ക് പോകുന്ന വഴിയില്‍ പെണ്‍കുട്ടിയും അഭിഭാഷകനും ബന്ധുക്കളും സഞ്ചരിച്ചിരുന്ന കാറില്‍ ട്രക്ക് ഇടിച്ചു കയറ്റിയായിരുന്നു അപകടം. ട്രക്ക് എംഎല്‍എ യുടെ ഒരു ബന്ധുവിന്റേതായിരുന്നെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.

ട്രക്ക് ഞങ്ങള്‍ക്ക് നേരെ വരുന്നതും കാറിലേക്ക് ഇടിച്ചു കയറുന്നതും താന്‍ വ്യക്തമായി കണ്ടെന്ന് യുവതി പറഞ്ഞു. തന്നെ കൊലപ്പെടുത്താൻ സെന്‍ഗാര്‍ തന്നെ ഉണ്ടാക്കിയ അപകടമാണ്. ജയിലിലാണെങ്കിലൂം ഏതറ്റം വരെയും പോകുന്നയാളാണ് സെന്‍ഗാറെന്നും പറഞ്ഞു. ട്രക്ക് പാഞ്ഞുവരുന്നത് കണ്ട് കാര്‍ റിവേഴ്‌സ് എടുക്കാന്‍ ഓടിച്ചിരുന്ന അഭിഭാഷകന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കാര്‍ തിരിക്കും മുൻപ് ട്രക്ക് ഇടിച്ചു കയറ്റുകയായിരുന്നു എന്നും പെൺകുട്ടി മൊഴി നൽകി.