ശബരിമല: ഭരണപരമായ കാര്യങ്ങളിൽ നിയമനിർമാണം നടത്തും; സുപ്രീംകോടതിയിൽ കേരളാ സർക്കാർ

single-img
6 September 2019

ശബരിമല ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളിൽ പ്രത്യേക നിയമം കൊണ്ടുവരാനൊരുങ്ങി സംസ്ഥാനസർക്കാർ. ഇതുമായി ബന്ധപ്പെട്ട് ഇന്ന് സുപ്രീംകോടതിയിലാണ് സംസ്ഥാനസർക്കാർ നിലപാട് അറിയിച്ചത്. ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളിലുൾപ്പടെ കൃത്യമായ ചട്ടങ്ങളുമായി നിയമനിർമാണം നടത്തുമെന്നാണ് സംസ്ഥാനസർക്കാർ രേഖാമൂലം സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു.

സുപ്രീം കോടതിയുടെ സ്ത്രീ പ്രവേശന വിധിയുമായി ബന്ധപ്പെട്ട് കേരളത്തിൽ വിവാദം ഉണ്ടായപ്പോൾ വിഷയത്തിൽ പ്രത്യേക നിയമനിർമാണം നടത്തുമെന്ന് കേരളത്തിലെ ബിജെപി നേതൃത്വം പറഞ്ഞിരുന്നു. പക്ഷെ ഇതിൻമേൽ തുടർ നടപടികളൊന്നുമുണ്ടായില്ല. നിലവിൽ കേസ് സുപ്രീംകോടതിയുടെ പരിഗണനയിലായതിനാൽ മറിച്ചുള്ള നിയമവഴികളിലൂടെ നീങ്ങില്ലെന്നാണ് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് ഉൾപ്പെടെ പറഞ്ഞിരുന്നത്. സാഹചര്യങ്ങൾ ഇങ്ങിനെ ആയിരിക്കെയാണ് ഭരണപരമായ കാര്യങ്ങളിൽ കൃത്യമായ ചട്ടക്കൂടുണ്ടാക്കാൻ നിയമം കൊണ്ടുവരുമെന്ന സംസ്ഥാനസർക്കാർ നിലപാട് കോടതിയെ അറിയിച്ചിരിക്കുന്നത്.

തിരുവിതാംകൂർ ദേവസ്വത്തിന് കീഴിലുള്ള ശബരിമല ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങളെക്കുറിച്ചുള്ള കൃത്യമായ മാർഗരേഖ ദേവസ്വംബോർഡ് ചട്ടങ്ങളിലാണ് ഉള്ളത്. അടുത്തുതന്നെ മണ്ഡലകാലം തുടങ്ങാനിരിക്കുന്നതിനാൽ അതിന് വേണ്ട സുരക്ഷാ നടത്തിപ്പ് വിലയിരുത്തൽ സംസ്ഥാനപോലീസ് ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു. ക്ഷേത്രത്തെയും പ്രദേശത്തെയും മൂന്ന് മേഖലകളായി തിരിച്ച് സുരക്ഷ ഒരുക്കാനാണ് പോലീസിന്‍റെ തീരുമാനം.