മുംബൈയില്‍ കനത്ത മഴ; ട്രെയിന്‍ വ്യോമ ഗതാഗതം താറുമാറായി

single-img
6 September 2019

മുംബൈ: മുബൈയും പരിസര പ്രദേശങ്ങളും വെള്ളത്തിലാക്കി കനത്ത മഴ തുടരുകയാണ്. പലയിടത്തും റെയില്‍വേ പാളങ്ങള്‍ വെള്ളത്തില്‍ മുങ്ങി. സെന്‍ട്രല്‍, വെസ്റ്റേണ്‍, ഹാര്‍ബര്‍ ലൈനുകളില്‍ ഗതാഗതം തടസപ്പെട്ടു. മുംബൈയില്‍ നിന്ന് പുറപ്പെടേണ്ട ദീര്‍ഘദൂര സര്‍വീസുകളുടെ സമയം പുനക്രമീകരിച്ചു.

രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയും മഴ ബാധിച്ചു.മുപ്പതോളം ആഭ്യന്തര സര്‍വ്വീസുകള്‍ റദ്ദാക്കി. രാജ്യാന്തര സര്‍വീസുകളും വൈകുന്നുണ്ട്. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. പ്രധാന റോഡുകളിലെല്ലാം തന്നെ ഗതാഗതക്കുരുക്ക് ജനങ്ങളെ വലച്ചു.

കൂടുതല്‍ ഡാമുകള്‍ തുറക്കാനുള്ള സാധ്യത പരിഗണിച്ചു പൂനെയില്‍ നിന്നും മൂന്നു യുണിറ്റ് ദുരന്ത നിവാരണ സേനയെ മഹാരാഷ്ട്ര കര്‍ണാടക അതിര്‍ത്തിയില്‍ വിന്യസിച്ചു. മഴ ഇന്നുകൂടി തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രം നല്‍കുന്ന വിവരം.