മുംബൈയിൽ കനത്ത മഴ തുടരുന്നു; വ്യോമ, റെയിൽ, റോഡ് ഗതാഗതം താറുമാറായി

single-img
6 September 2019

മുംബൈ: മുബൈയിലും പരിസരപ്രദേശങ്ങളിലും ശക്തമായ മഴ തുടരുന്നു. നഗരത്തിലും പരിസരത്തും പ്രളയ സമാന അന്തരീക്ഷമാണ് നിലവിൽ. പ്രത്യേക സാഹചര്യത്തിൽ വ്യോമ, റെയിൽ, റോഡ് ഗതാഗതം താറുമാറായി. നഗരത്തിന്റെ താഴ്ന്ന ഭാഗങ്ങളിൽ മിക്കതും വെള്ളത്തിനടിയിലാണ്. ചിലയിടങ്ങളിൽ റെയിൽവേ പാളങ്ങളും വെള്ളത്തിനടിയിലാണ്. ഇതിനെ തുടർന്ന് സെൻട്രൽ, വെസ്റ്റേൺ, ഹാർബർ ലൈനുകളിൽ റയിൽ ഗതാഗതം തടസപ്പെട്ടു.

വെള്ളക്കെട്ടും, തിരക്കും കാരണം റോഡ് ഗതാഗതവും താറുമാറായി. മുംബൈയിൽ നിന്ന് പുറപ്പെടേണ്ട ദീർഘദൂര സർവീസുകളുടെ സമയം പുനക്രമീകരിച്ചിട്ടുണ്ട്.

കനത്തമഴ രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനത്തെയും കാര്യമായി ബാധിച്ചിട്ടുണ്ട്. മുപ്പതോളം ആഭ്യന്തര സർവ്വീസുകൾ റദ്ദാക്കി. രാജ്യാന്തര സർവീസുകളും വൈകുന്നുണ്ട്.

കൂടുതൽ ഡാമുകൾ തുറക്കാനുള്ള സാധ്യത പരിഗണിച്ച് പൂനെയിൽ നിന്നും മൂന്നു യുണിറ്റ് ദുരന്ത നിവാരണ സേനാംഗങ്ങളെ മഹാരാഷ്ട്ര-കർണാടക അതിർത്തി ജില്ലകളിൽ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ചൊവാഴ്ച്ച രാത്രി തുടങ്ങിയ മഴ ഇന്നുകൂടി തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.