തിരൂരിലെ ലോട്ടറി ഓഫീസിൽ നിന്നും കാണാതായ ലക്ഷങ്ങൾ വിലവരുന്ന 22,000 ടിക്കറ്റുകൾ എവിടെ; ഓഡിറ്റ് വിഭാഗത്തിന്റെ മിന്നൽ പരിശോധന

single-img
6 September 2019

മലപ്പുറം: തിരൂരിലെ ലോട്ടറി വകുപ്പിന്‍റെ ഓഫീസിൽ ലോട്ടറി വകുപ്പ് ഓഡിറ്റ് വിഭാഗത്തിന്റെ മിന്നൽ പരിശോധന. ലക്ഷങ്ങൾ വിലവരുന്ന 22,000 ടിക്കറ്റുകൾ ഇവിടെ നിന്ന് കാണാതായെന്ന വിവരത്തെ തുടർന്നാണ് പരിശോധന. ലോട്ടറി വകുപ്പ് ഉദ്യോഗസ്ഥർ കമ്മീഷൻ കൈപ്പറ്റി ടിക്കറ്റുകൾ ഏജന്‍റുമാർക്ക് സൗജന്യമായി കൈമാറിയതാകാം എന്നാണ് സൂചന. എന്നാൽ വിശദമായ അന്വേഷണം കാര്യങ്ങൾക്ക് വ്യക്തത വരുത്തും.

സംഭവത്തിൽ ധനമന്ത്രി തോമസ് ഐസക്ക് ലോട്ടറി ഡയറക്ടർ അമിത് മീണയോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. അന്വേഷിച്ച് വിശദമായ റിപ്പോർട്ട് നൽകാനാണ് ധനമന്ത്രി നിർദേശിച്ചത്. തിരൂർ സബ് ഓഫീസിൽ ലോട്ടറി വകുപ്പ് ഓഡിറ്റ് വിഭാഗം പരിശോധന നടത്തുകയാണ്.

ഗുരുതരമായ ക്രമക്കേട് നടന്നെന്നാണ് സൂചന. ഇന്ന് നറുക്കെടുക്കുന്ന നിർമൽ ഭാഗ്യക്കുറിയുടെ 12,000 ടിക്കറ്റ്, നാളെ നറുക്കെടുക്കുന്ന കാരുണ്യയുടെ 10,000 ടിക്കറ്റ് എന്നിവയാണ് ലോട്ടറി ഓഫീസിൽ നിന്ന് കാണാതായിരിക്കുന്നത്. ലക്ഷക്കണക്കിന് രൂപ വില വരുന്ന ടിക്കറ്റുകളാണ് കാണാതായത്. ടിക്കറ്റുകൾ കാണാതായെന്ന സൂചന കിട്ടിയതിന് പിന്നാലെ ഓഡിറ്റ് വിഭാഗം തിരൂർ സബ് ഓഫീസിലെത്തി പരിശോധന നടത്തുകയായിരുന്നു.

മുൻകൂർ പണമടച്ചാണ് സാധാരണ ഏജന്‍റുമാർക്ക് ടിക്കറ്റ് നൽകാറുള്ളത്. അതിന് പകരം സൗജന്യമായി ടിക്കറ്റ് ഏജന്‍റുമാർക്ക് നൽകി ഉദ്യോഗസ്ഥർ കമ്മീഷൻ പറ്റിയെന്ന സൂചനകളാണിപ്പോൾ പുറത്തുവരുന്നത്.

രഹസ്യവിവരത്തെത്തുടർന്നാണ് മിന്നൽ പരിശോധന നടത്താൻ ഓഡിറ്റ് വിഭാഗം എത്തിയത്. ഇതിന് മുൻപും ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്നും ഓഡിറ്റ് വിഭാഗം പരിശോധനയിൽ വ്യക്തമാക്കും.