ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളിൽ ഇളവു വരുത്തണമെന്ന് അമേരിക്ക

single-img
6 September 2019

ജമ്മുകശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്തു കേന്ദ്ര സർക്കാർ നടപ്പിലാക്കിയ നിയന്ത്രണങ്ങള്‍ക്ക് ഇളവ് വരുത്തണമെന്ന് യുഎസ്. കശ്മീരിലെ രാഷ്ട്രീയ-സാംസ്‌കാരിക നേതാക്കളെയും വ്യവസായികളെയും തടങ്കലിലാക്കുന്ന നടപടിയില്‍ ആശങ്കയുണ്ടെന്ന് യു.എസ് ആഭ്യന്തര വക്താവ് മോര്‍ഗന്‍  ഒര്‍ടാഗസ് പറഞ്ഞു.

കാശ്മീര്‍ വിഷയത്തില്‍ ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ആശങ്കകള്‍ മനസിലാക്കുന്നുവെന്നും ശാന്തതയോടെയും സംയമനത്തോടെയും മുന്നോട്ട് പോകണമെന്നും വാഷിങ്ടണില്‍ ചേര്‍ന്ന യോഗത്തില്‍ ഒര്‍ടാഗസ് ആഹ്വനം ചെയ്തു.

കശ്മീരിലെ ചില മേഖലകളില്‍ ഇപ്പോഴും ഫോണ്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ പുനഃസ്ഥാപിച്ചിട്ടില്ലെന്നത് ആശങ്കയുളവാക്കുന്നു. പ്രദേശത്തെ ജനങ്ങളുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം. ഇന്ത്യന്‍ സര്‍ക്കാര്‍ കശ്മീരിലെ നേതാക്കളുമായി ഇടപെട്ട്  തെരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് ആലോചിക്കണമെന്നും ഒര്‍ടാഗസ് അഭിപ്രായപ്പെട്ടു.