ബുള്ളറ്റ് ഓടിച്ച പെൺകുട്ടിക്കും കുടുംബത്തിനും നേരെ വധഭീഷണി

single-img
6 September 2019

ന്യൂ ഡല്‍ഹി: ബുള്ളറ്റോടിച്ചതിന് പെണ്‍കുട്ടിക്ക് നേരെ വധഭീഷണി. ഓഗസ്റ്റ് 31ന് ഡല്‍ഹിയിൽ നിന്നും 50 കിലോമീറ്റർ അകലെ ഉത്തർപ്രദേശിലെ മിലക് ഖതാന ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ മാര്‍ക്കറ്റിലൂടെ റോയല്‍ എന്‍ഫീല്‍ഡ് ബൈക്ക് ഓടിച്ചതിനാണ് പെണ്‍കുട്ടിയെയും കുടുംബത്തെയും ആക്രമിസംഘം ഭീഷണിപ്പെടുത്തിയത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയില്‍ സച്ചിന്‍(30) കുല്ലു(28) എന്നിവര്‍ക്കെതിരെ പൊലിസ് കേസെടുത്തു. എന്നാൽ ഇതുവരെ ഇവരെ കണ്ടെത്താനൊ അറസ്റ്റ് ചെയ്യാനൊ പൊലിസിന് കഴിഞ്ഞിട്ടില്ല.

പ്രതികള്‍ക്കെതിരെ ഭീഷണിപ്പെടുത്തൽ, വീട്ടിലേക്ക് അതിക്രമിച്ച് കയറൽ തുടങ്ങി വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

ഓഗസ്റ്റ് 31ന് പ്രദേശത്തെ മാര്‍ക്കറ്റില്‍ പാലുവാങ്ങാന്‍ ബുള്ളറ്റില്‍ പോയതായിരുന്നു റിതിക മാവി എന്ന 18 കാരി പെൺകുട്ടി. പോകുന്നവഴിയില്‍ പെണ്‍കുട്ടിയെ തടഞ്ഞ് വെച്ച ശേഷം ഇനി മേലില്‍ ബൈക്ക് ഓടിക്കരുതെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. എന്താണ് കാരണമെന്ന് ചോദിച്ച പെണ്‍കുട്ടിയോട് അത് തങ്ങള്‍ക്ക് ഇഷ്ടമല്ലെന്നും അനുസരിച്ചിച്ചെങ്കില്‍ അച്ഛനെ  കൊല്ലുമെന്നും ഭീഷണിപ്പെടുത്തി.

പെൺകുട്ടി വീട്ടിലെത്തി സംഭവം പറഞ്ഞ സമയം തന്നെ സച്ചിനും മറ്റ് രണ്ടുപേരും പെണ്‍കുട്ടിയുടെ വീട്ടിലെത്തി കുടുംബത്തെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയായിരുന്നെന്ന് പറയുന്നു റിതികയുടെ  അമ്മാവൻ മനോജ്.

ഇത് തങ്ങളുടെ കുടുംബ വിഷയം ആണെന്നും പുറത്തുനിന്നുള്ളവർ ഇടപെടേണ്ടെന്നും അച്ഛൻ സുനിൽ പറഞ്ഞു. ഈ സമയത്ത് ആക്രമികളുടെ കൈയ്യിലുണ്ടായിരുന്ന തോക്ക് എടുത്ത് ആകാശത്തേക്ക് വെടിവെയ്ക്കുകയും തുടർന്ന് അക്രമിസംഘം വീട്ടിൽ അതിക്രമിച്ചുകടന്ന് മകളെ ഉപദ്രവിക്കാൻ ശ്രമിച്ചെന്നും അച്ഛൻ സുനിൽ പരാതിയിൽ പറയുന്നു. കുടുംബാംഗങ്ങള്‍ പൊലീസിനെ വിളിച്ചതോടെ അക്രമികള്‍ രക്ഷപ്പെടുകയായിരുന്നു.

അക്രമികൾ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്നും, ഇനിയും ഒരാക്രമണം ഭയക്കുന്നെന്നും പറയുന്നു റിതികയുടെ കുടുംബം.ഈ സംഭവത്തിന് ശേഷം വീടിന്റെ പരിസരത്ത് സിസിടിവി സ്ഥാപിച്ചെന്നും കുടുംബാംഗമായ മനോജ് പറയുന്നു.