ചരിത്രത്തിലേക്ക്; ചന്ദ്രയാൻ 2 ന്റെ സോഫ്റ്റ് ലാൻഡിംഗ്

single-img
6 September 2019

ബംഗുലൂരു: ലൂണാര്‍ സോഫ്റ്റ് ലാന്‍ഡിംഗ് എന്ന ചരിത്ര നേട്ടത്തിലേക്ക് ചന്ദ്രയാന്‍-2 അടുക്കുന്നു. വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങുന്നതിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യ ഒന്നാകെ. ഒന്നരമാസത്തെ യാത്രക്കൊടുവില്‍ ചരിത്രം കുറിക്കുന്നതിന് തൊട്ടരികിലാണ് ഇന്ത്യയുടെ രണ്ടാം ചാന്ദ്ര ദൗത്യം.

പ്രധാനമന്ത്രി നരേന്ദ്രമോദിയും തെരഞ്ഞെടുക്കപ്പെട്ട എഴുപതോളം വിദ്യാര്‍ത്ഥികളും വിക്രം ലാന്‍ഡറിന്റെ സോഫ്റ്റ് ലാന്‍ഡിംഗ് തത്സമയം വീക്ഷിക്കാൻ ബെംഗളൂരുവിലെ ഐ എസ് ആർ ഓ ആസ്ഥാനത്ത് എത്തിയിട്ടുണ്ട്.

ചന്ദ്രയാന്‍-2 ന്റെ ഇതുവരെയുള്ള യാത്രയും കണക്കുകൂട്ടലുകളുമെല്ലാം കൃത്യമാണ്. പക്ഷേ ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ് സോഫ്റ്റ് ലാന്‍ഡിംഗ്. ചന്ദ്രോപരിതലത്തില്‍ 38 സോഫ്റ്റ് ലാന്‍ഡിംഗ് ശ്രമങ്ങള്‍ നടന്നിട്ടുണ്ട്. ഇതിൽ 52 % ദൗത്യങ്ങള്‍ മാത്രമാണ് വിജയം കണ്ടത്. ഇസ്രയേലിന്റെ ബെര്‍ഷീറ്റ് ലാന്‍ഡറാണ് ശ്രമിച്ച് പരാജയപ്പെട്ടവരില്‍ അവസാനത്തേത്.

നാളെ പുലര്‍ച്ചെ 1.30നും 2.30നും ഇടയിലാകും വിക്രം ചന്ദ്രനിൽ ലാൻഡ് ചെയ്യുക. ചന്ദ്രന്റെ ദക്ഷിണധ്രുവപ്രദേശത്തെ മാന്‍സിനസ് സി, സിംപെലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലെ സമതലത്തിലാണ് വിക്രമിനെ ലാൻഡ് ചെയ്യിക്കാൻ ഉദ്ദേശിക്കുന്നത്.