അമ്പലപ്പുഴ പാൽപ്പായസം കൃസ്ത്യാനികൾ വിൽക്കേണ്ട: ബേക്കറിയുടമയെക്കൊണ്ട് മാപ്പ് പറയിച്ച് രാഷ്ട്രീയ ബജ്രംഗ് ദൾ

single-img
6 September 2019

തിരുവല്ല: അമ്പലപ്പുഴ പാൽപ്പായസം എന്ന പേരിൽ പാൽപ്പായസം വിൽപ്പന നടത്തിയതിന് ബേക്കറിയുടമയെക്കൊണ്ട് മാപ്പ് പറയിപ്പിച്ച് തീവ്ര ഹിന്ദുത്വ സംഘടനയായ രാഷ്ട്രീയ ബജ്രംഗ്ദൾ.

തിരുവല്ല കടപ്പറ ജോളി ഫുഡ് പ്രൊഡക്ട്‌സ് തങ്ങളുടെ ഉടമസ്ഥതയിലുള്ള തോംസണ്‍ ബേക്കറിയില്‍ അമ്പലപ്പുഴ പാല്‍പ്പായസം എന്ന പേരില്‍ പായസം വിൽപ്പന നടത്തിയതാണ് പ്രവീൺ തൊഗാഡിയ നയിക്കുന്ന അന്താരാഷ്ട്ര ഹിന്ദു പരിഷദിന്റെ യുവജന സംഘടനയായ രാഷ്ട്രീയ ബജ്രംഗ് ദളിനെ പ്രകോപിപ്പിച്ചത്. പാൽപ്പായസത്ത്തിന് അമ്പലപ്പുഴ പാൽപ്പായസം എന്ന് പേരു നൽകിയത് ഹിന്ദുക്കളുടെ മത വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് രാഷ്ട്രീയ ബജ്രംഗ്ദൾ പ്രതിഷേധിച്ചത്.

ബേക്കറിയുടമയെക്കൊണ്ട് മാപ്പ് പറയിപ്പിക്കുന്ന വീഡിയോ അന്താരാഷ്ട്ര ഹിന്ദു പരിഷദിന്റെ നേതാവ് പ്രതീഷ് വിശ്വനാഥനാണ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. “ അമ്പലപ്പുഴ പാല്പായസം വ്യാജമായി ഉണ്ടാക്കിയ അച്ചായനെ കൊണ്ട് മാപ്പു പറയിക്കുന്നു … ഹിന്ദു യുവാക്കൾക്ക് അഭിനന്ദനങ്ങൾ ജയ് ശ്രീറാം” എന്നായിരുന്നു വീ‍ഡിയോയുടെ അടിക്കുറിപ്പ്.

അമ്പലപ്പുഴ പാല്പായസം വ്യാജമായി ഉണ്ടാക്കിയ അച്ചായനെ കൊണ്ട് മാപ്പു പറയിക്കുന്നു … ഹിന്ദു യുവാക്കൾക്ക് അഭിനന്ദനങ്ങൾ ജയ് ശ്രീറാം

Posted by Pratheesh Viswanath on Wednesday, September 4, 2019

അതേസമയം, പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ
ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറുടെ നിര്‍ദേശപ്രകാരം അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥര്‍ ബേക്കറിയിലെത്തി പരിശോധന നടത്തി. ബേക്കറിക്കെതിരെ നടപടി സ്വീകരിക്കാന്‍ ഹരിപ്പാട് ഡെപ്യൂട്ടി ദേവസ്വം കമ്മിഷണറെ ചുമതലപ്പെടുത്തിയതായി ദേവസ്വം പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. 

അമ്പലപ്പുഴ പാൽപ്പായസത്തിന് ദേവസ്വം ബോർഡിന് പേറ്റന്റ് ഉണ്ടെന്ന് ദേവസ്വം ബോർഡ് വൃത്തങ്ങൾ ഇവാർത്തയോട് പറഞ്ഞു. എന്നാൽ ഈ പേറ്റന്റ് എന്നു മുതലുള്ളതാണെന്നോ അതിന്റെ പരിധിയിൽ വരുന്ന കാര്യങ്ങൾ എന്തൊക്കെയാണെന്നോ തങ്ങൾക്കറിയില്ലെന്നാണ് ദേവസ്വം ബോർഡ് കമ്മീഷണർ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പ്രതികരിച്ചത്.