ഉറൂസിന് ഹിന്ദുക്കൾക്ക് ബീഫ് ബിരിയാണി വിളമ്പി: 23 മുസ്ലീം യുവാക്കൾക്കെതിരെ പൊലീസ് കേസെടുത്തു

single-img
5 September 2019

ലക്നൌ: ഉത്തർപ്രദേശിലെ ഒരു ദർഗയിൽ നടന്ന ഉറൂസ് ആഘോഷത്തിനിടെ ബിരിയാണിയിൽ പോത്തിറച്ചി കലർത്തി ഹിന്ദുക്കൾക്ക് നൽകിയെന്ന ആരോപണത്തെ തുടർന്ന് മുസ്ലീം സമുദായത്തിൽപ്പെട്ട 23 പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മഹോബ ജില്ലയിലെ ചർഖാരി പൊലിസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

ആറ് വർഷത്തിലധികമായി മുസ്ലീം സമുദായത്തിലുള്ളവർ മതാചാര ആഘോഷത്തിന്റെ ഭാഗമായി ദർഗയിൽ ഉറൂസിനു ഭക്ഷണം വിളമ്പാറുണ്ടായിരുന്നു. അടുത്തുള്ള ഗ്രാമങ്ങളിൽ നിന്നുപോലും ആളുകൾ എത്തുമായിരുന്നു. ഇത്തവണത്തെ ആഘോഷത്തിലാണ് പ്രശ്നങ്ങൾ ഉണ്ടായത്. ഇവിടെ നൽകിയ ബിരിയാണിയിൽ പോത്തിറച്ചി കലർത്തി എന്ന അഭ്യൂഹമാണ് പ്രശ്നങ്ങൾക്ക് തുടക്കമിട്ടത്.

പരാതിയില്ലെന്നും, അറിയാതെ പറ്റിയ പിഴവാകാം ഒത്തുതീർപ്പിന് തയ്യാറാണെന്നും പറഞ്ഞ തന്നെ നിർബന്ധിച്ച്  ബിജെപി എംഎൽഎ, ബ്രിജ് ഭൂഷൺ രാജ്പുത് പരാതി നൽകിച്ചു എന്നാണ് പരാതി നൽകിയ രാജ് കുമാർ റായ് കവുർ പറയുന്നത്. ഭക്ഷണം വിളമ്പിയ ഒരാൾക്കെതിരെ കേസ് എടുക്കുന്നത് മനസ്സിലാക്കാം എന്നും, നിരപരാധികളായ 22 പേരെ എന്തിനാണ് പ്രതികൾ ആക്കുന്നതെന്നുമാണ് അദ്ദേഹം ചോദിക്കുന്നത്.

പഞ്ചായത്ത് കൂടി ചർച്ച നടത്തിയിരുന്നു. പപ്പു അൻസാരി എന്ന ഭക്ഷണം വിളമ്പിയ ആൾക്ക് പറ്റിയ പിഴവാകാം എന്നും, ശുദ്ധികലശം നടത്താൻ 50000 രൂപ നൽകാക്കമെന്നും മാപ്പ് പറയാൻ തയ്യാറാണെന്നും ചടങ്ങ് നടത്തിയവർ പറഞ്ഞു. ഒത്തുതീർപ്പായ പ്രശ്നത്തിൽ എം എൽ എ ഇടപെട്ടാണ് കേസ് എടുപ്പിച്ചത് എന്ന്
സ്റ്റേഷൻ ഓഫീസറായ അനൂപ് കുമാർ പാണ്ഡേ പറയുന്നു.

പൊലീസ് 23 മുസ്ലീം ചെറുപ്പക്കാർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ബോധപൂർവ്വം മതസ്പർദ്ധ വളർത്താൻ ശ്രമിച്ചു എന്ന കുറ്റം ചുമത്തിയാണ് കേസ് എടുത്തിരിക്കുന്നത്.

അതേസമയം ബോധപൂർവ്വം ആണ് ഇറച്ചി കലർത്തിയതെന്നും, ഇതിൽ ഉത്തരവാദികളായവരെ നിയമപരമായി നേരിടുമെന്നുമാണ് എം എൽ എ ബ്രിജ് ഭൂഷൺ രാജ്പുതിന്റെ നിലപാട്.