തരിഗാമിയെ വിദഗ്ധ ചികിത്സക്ക് എയിംസിലേക്ക് മാറ്റാൻ സുപ്രീം കോടതി വിധി: വഴിയൊരുക്കിയത് യെച്ചൂരിയുടെ സത്യവാങ്മൂലം

single-img
5 September 2019

ജമ്മു കശ്മീർ:  ജമ്മുകശ്മീരില്‍ കരുതല്‍ തടങ്കലിലുള്ള സിപിഎം കേന്ദ്രകമ്മറ്റിയംഗം യൂസഫ് തരിഗാമിയെ വിദഗ്ധ ചികില്‍സയ്ക്കായി ഡല്‍ഹി എയിംസിലേയ്ക്ക് മാറ്റാന്‍ സുപ്രീംകോടതി നിര്‍ദേശം നൽകി. ജമ്മുകശ്മീര്‍ മുന്‍മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ മകള്‍ക്ക് അമ്മയെ കാണാനും സുപ്രീംകോടതി അനുമതി നല്‍കി. ചെന്നൈയിലുള്ള മകൾ ഇല്‍തിജക്ക് ഉപാധികളോടെയാണ് അനുമതി നൽകിയത്. ശ്രീനഗറില്‍ മറ്റിടങ്ങള്‍ സന്ദര്‍ശിക്കുമ്പോള്‍ സര്‍ക്കാരിന്‍റെ മുന്‍കൂര്‍ അനുമതി തേടണമെന്നും കോടതി നിര്‍ദേശിച്ചു. ചീഫ് ജസ്റ്റിസ് രഞ്‍ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ എസ്.എ ബോബ്ഡെ, അബ്ദുല്‍ നസീര്‍ എന്നിവരുടെ ബെഞ്ച് ആണ് നിര്‍ദേശം നൽകിയത്.

യൂസുഫ് തരിഗാമിയെ ശ്രീനഗറിലെത്തി സന്ദര്‍ശിക്കാൻ നേരത്തെ കോടതി യച്ചൂരിക്ക് അനുമതി നൽകിയിരുന്നു. ഒപ്പം തരിഗാമിയുടെ ആരോഗ്യനില സംബന്ധിച്ച് സത്യവാങ്മൂലം നൽകാൻ കോടതി നിർദേശവും നൽകിയിരുന്നു. ഇതേതുടർന്ന് യച്ചൂരി നൽകിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തിലാണ് തരിഗാമിയെ ഡല്‍ഹി എയിംസിലേയ്ക്ക് മാറ്റാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചത്. തരിഗാമിക്ക് എയിംസില്‍ നിന്ന് ലഭിച്ചിരുന്ന വിദഗ്ധ ചികില്‍സ ഓഗസ്റ്റ് 5 മുതൽ കരുതല്‍ തടങ്കലിലായതു മൂലം മുടക്കിയതായും ആരോഗ്യനിലയില്‍ ആശങ്കയുണ്ടെന്നും യച്ചൂരി കോടതിയിൽ അറിയിച്ചിരുന്നു. തരിഗാമിയുടെ സുരക്ഷാ വാഹനങ്ങള്‍ പിന്‍വലിച്ചതായും യച്ചൂരിയുടെ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു.

മുൻ എം എൽ എ ആയ തരിഗാമിയെ ആരോഗ്യസ്ഥിതി വഷളായ നിലയിലും അന്യായമായി തടങ്കലിൽ വച്ചിരിക്കുകയാണെന്ന് കാണിച്ച് യച്ചൂരി സമർപ്പിച്ച ഹർജിയെ തുടർന്നാണ് കോടതി വിഷയത്തിൽ ഇടപെട്ടത്. തരിഗാമിയെ അന്യായമായി തടവില്‍വെച്ചിരിക്കുകയാണെന്ന യച്ചൂരിയുടെ പരാതിക്ക് മറുപടി നല്‍കാന്‍ കേന്ദ്രസര്‍ക്കാരിന് കോടതി ഒരാഴ്ച്ച സമയം അനുവദിച്ചിരുന്നു.

അതെസമയം, നേതാക്കളുടെ കരുതല്‍ തടങ്കലുമായി ബന്ധപ്പെട്ട് കോടതി ആവശ്യപ്പെടാത്ത കാര്യങ്ങള്‍ സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയതിന് സുപ്രീംകോടതി യച്ചൂരിയെ വിമര്‍ശിച്ചു. കശ്മീര്‍ ടൈംസ് എഡിറ്റര്‍ അനുരാധ ബാസിന്‍റെ ഹര്‍ജിയില്‍ ഉത്തരവ് ഇറക്കാന്‍ വിസമ്മതിച്ച കോടതി ജമ്മുകശ്മീരിന്‍റെ പ്രത്യേക പദവി എടുത്തുകളഞ്ഞതുമായി ബന്ധപ്പെട്ട എല്ലാ ഹര്‍ജികളും ഈ മാസം 16ന് പരിഗണിക്കാമെന്ന് അറിയിച്ചു.