നാമനിർദ്ദേശ പത്രികയിലെ 15 കോളങ്ങള്‍ പൂരിപ്പിച്ചില്ല; സീല്‍ വ്യാജം; ജോസ് ടോമിന് ഔദ്യോഗിക ചിഹ്നം ലഭിക്കാതിരിക്കാൻ പിജെ ജോസഫ് നടത്തിയ നീക്കങ്ങൾ

single-img
5 September 2019

കേരളാ കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടില വിട്ടുകൊടുക്കാതിരിക്കാൻ സമാനതകളില്ലാത്ത പോരാട്ടമാണ് ജോസ് കെ മാണി- പിജെ ജോസഫ് വിഭാഗങ്ങള്‍ നടത്തിയത്. ജോസ് ടോം മത്സരിക്കുന്നത് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് എന്നും രണ്ടില ചിഹ്നം ലഭിക്കില്ലെന്നും ഉറപ്പാക്കിയ ശേഷമാണ് വിമത സ്ഥാനാര്‍ത്ഥിയായ ജോസഫ് കണ്ടത്തിലിനെ കൊണ്ട് പി.ജെ ജോസഫ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിപ്പിച്ചത്.

പത്രികയുടെ സൂക്ഷ്മ പരിശോധനയില്‍ ഇന്ന് കോട്ടയം കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടറുടെ മുന്നില്‍ യുഡിഎഫ് ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച ജോസ് കെ മാണി വിഭാഗത്തിലെ ജോസ് ടോമിന്റെ രണ്ടു പത്രികകളിലും പിഴവുണ്ടെന്ന് ജോസഫ് വിഭാഗം ആരോപിച്ചു. പാര്‍ട്ടി ചെയര്‍മാന്റെ കത്ത് ഹാജരാക്കാത്തതിനാല്‍ ജോസ് ടോമിനെ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ത്ഥിയായി അംഗീകരിക്കരുതെന്നായിരുന്നു ജോസഫ് വിഭാഗം പ്രധാനമായും ആവശ്യപ്പെട്ടത്.

നാമ നിര്‍ദ്ദേശ പത്രികാ ഫോമില്‍ ഉപയോഗിച്ചിരിക്കുന്ന സീല്‍ വ്യാജമാണെന്നും അവര്‍ വാദിച്ചു. സ്ഥാനാര്‍ത്ഥിക്കായി ഫോം ബിയില്‍ ഒപ്പിട്ട സ്റ്റീഫന്‍ ജോര്‍ജ് പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിയല്ലെന്ന് വരണാധികാരിയെ അവര്‍ ബോധിപ്പിച്ചു. അതിനെല്ലാം പുറമേ പത്രികയിലെ 15 കോളങ്ങള്‍ പൂരിപ്പിച്ചിട്ടില്ലെന്നതു കൂടി ചൂണ്ടിക്കാട്ടിയതോടെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ കൂടി നിര്‍ദേശം സ്വീകരിച്ച് വരണാധികാരി ജോസ് ടോമിന്റെ പത്രിക തള്ളി. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നല്‍കിയ പത്രിക അംഗീകരിക്കുകയും ചെയ്തു. സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഓട്ടോറിക്ഷ, പൈനാപ്പിള്‍, ഫുട്‌ബോള്‍ എന്നീ ചിഹ്നങ്ങളാണ് ജോസ് ടോമിന് തെരഞ്ഞെടുക്കാന്‍ സാധിക്കുന്നത്.