പാലാ ഉപതെരഞ്ഞെടുപ്പ്; ഇന്ന് സൂക്ഷ്മ പരിശോധന, ചിഹ്നവും ഇന്ന് ധാരണയാകും

single-img
5 September 2019

കോട്ടയം: പാലാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളുടെ പത്രികകള്‍ ഇന്ന് സൂക്ഷ്മ പരിശോധന നടത്തും. യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് രണ്ടില ചിഹ്നം അനുവദിക്കുന്ന കാര്യത്തിലും ഇന്ന് തീരുമാനമാകും. ജോസഫ് വിഭാഗം നേതാവും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ ജോസഫ് കണ്ടത്തില്‍, ജോസ് ടോമിന് രണ്ടില ചിഹ്നം നല്‍കുന്നതിനെ എതിര്‍ക്കും.

ചിഹ്നത്തെച്ചൊല്ലിയുള്ള തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ കേരള കോണ്‍ഗ്രസ് എമ്മിലെ ജോസ് ജോസഫ് പക്ഷങ്ങള്‍ക്ക് സൂഷ്മ പരിശോധന നിര്‍ണ്ണായകമാണ്. രണ്ടില ചിഹ്നം വേണമെന്ന യുഡിഎഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിന്റെ പത്രികയിലെ ആവശ്യം നിലനില്‍ക്കുന്നതല്ലെന്ന് സൂഷ്മ പരിശോധനയില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജോസഫ് കണ്ടത്തില്‍ വാദിക്കും. ജോസ് ടോമിന് രണ്ടില ചിഹ്നം അനുവദിക്കുന്നില്ലെങ്കില്‍ ഉടനടി പത്രിക പിന്‍വലിക്കുമെന്ന് ജോസഫ് കണ്ടെത്തില്‍ പറഞ്ഞിട്ടുണ്ട്.

എന്നാല്‍ കേരളാ കോണ്‍ഗ്രസ് ഭരണഘടന പ്രകാരം ചെയര്‍മാന്റെ അസാന്നിധ്യത്തില്‍ ചിഹ്നം നല്‍കാനുള്ള അധികാരം വര്‍ക്കിംഗ് ചെയര്‍മാനാണെന്ന് ജോസഫ് പക്ഷം വ്യക്തമാക്കും. ജോസ് കെ മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തത് തടഞ്ഞ് കൊണ്ടുള്ള കോടതി ഉത്തരവും ശ്രദ്ധയില്‍പ്പെടുത്തും. ഇക്കാര്യങ്ങളെല്ലാം വ്യക്തമാക്കി പിജെ ജോസഫ് നല്‍കിയ കത്തും വരണാധികാരിക്ക് മുന്‍പില്‍ സമര്‍പ്പിച്ചിട്ടുണ്ട്. കമ്മീഷന്റെ മുന്‍പാകെുള്ള ചെയര്‍മാന്‍ തര്‍ക്കം കോടതിയിലെ കേസുകള്‍, പാര്‍ട്ടി ഭരണ ഘടന എന്നിവ പരിഗണിച്ചാകും വരണാധികാരി തീരുമാനമെടുക്കുക.