ഐഎന്‍എക്‌സ് മീഡിയാ കേസ്: ചിദംബരത്തിന് ജുഡീഷ്യല്‍ കസ്റ്റഡി; ഇനി തിഹാര്‍ ജയിലിലേക്ക്

single-img
5 September 2019

വിവാദമായ ഐഎന്‍എക്‌സ് മീഡിയാ കേസില്‍ മുന്‍ കേന്ദ്രധനമന്ത്രി പി ചിദംബരത്തെ 14 ദിവസത്തേക്ക് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ പ്രത്യേക സിബിഐ കോടതിയുടെ ഉത്തരവ്. ചിദംബരത്തെ കസ്റ്റഡിയില്‍ വിടണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. ഇതനുസരിച്ചു ഈ മാസം 19 വരെ ചിദംബരത്തിന് ഡൽഹിയിലെ തിഹാര്‍ ജയിലില്‍ കഴിയേണ്ടി വരും. അതേസമയം ചിദംബരത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടുന്നതിനെ അഭിഭാഷകനായ കപില്‍ സിബല്‍ എതിര്‍ത്തിരുന്നു.

എന്‍ഫോഴ്‌സ്‌മെന്റ് നടപടിയായ അറസ്റ്റിന് ചിദംബരം തയ്യാറാണെന്നും കപില്‍ സിബല്‍ കോടതിയെ അറിയിച്ചു. തന്നെ കീഴടങ്ങാന്‍ അനുവദിക്കുകയും എന്‍ഫോഴ്‌സ്‌മെന്റിനെ കസ്റ്റഡിയിലെടുക്കാന്‍ അനുവദിക്കുകയും ചെയ്യുന്നതില്‍ കുഴപ്പമില്ല എന്ന് ചിദംബരം അറിയിക്കുകയുണ്ടായി. ഇത് പ്രകാരം എന്‍ഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്യുകയായിരുന്നെങ്കില്‍ സെന്‍ട്രല്‍ ഡൽഹിയിലെ തുഗ്ല്ക്ക് റോഡ് പോലീസ് സ്റ്റേഷനിലേക്കാണ് അദ്ദേഹത്തെ കൊണ്ടു പോകേണ്ടിയിരുന്നത്. പക്ഷെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കൊണ്ടു പോകണമെന്ന് സിബിഐ കോടതിയിൽ നിര്‍ബന്ധം പിടിക്കുകയായിരുന്നു.

ചിദംബരത്തിന്റെ നിലവിലെ ആരോഗ്യ നിലയും രാജ്യത്തിന്റെ മുന്‍ ധനമന്ത്രി എന്ന പരിഗണനയും വെച്ച് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കണമെന്ന് കപില്‍ സിബല്‍ ആവശ്യപ്പെട്ടിരുന്നു. ജയിലിൽ പ്രത്യേക സുരക്ഷയും, മരുന്നുകളും നല്‍കണമെന്നും പ്രത്യേക സെല്ലും കിടക്കയും വെസ്റ്റേണ്‍ ടോയ്ലറ്റും അനുവദിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു. ഈ വാദം കോടതി അംഗീകരിച്ചിരുന്നു.