മലിനീകരണ നിരോധന നിയമം ‘പണിയായി’ ;മഹീന്ദ്ര ബൊലേറോ 2.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ പിൻവലിക്കുന്നു

single-img
5 September 2019

രാജ്യത്തെ സ്‍പോര്‍ടസ് യൂട്ടിലിറ്റി വെഹിക്കിള്‍ വിഭാഗത്തില്‍ ഒരു ദശാബ്ദത്തിൽ കൂടുതലായി വിപണിയിലെ ശക്തമായ സാന്നിദ്ധ്യമാണ് മഹീന്ദ്ര ബൊലേറോ. കമ്പനിയുടെ ഒരുകാലത്തെ ഹിറ്റ് വാഹനമായിരുന്ന അര്‍മ്മദ പരിഷ്‍കരിച്ചാണ് പതിമൂന്ന് വര്‍ഷം മുമ്പ് കമ്പനി ബൊലേറോയ്ക്ക് രൂപം കൊടുക്കുന്നത്. സമീപ കാലത്തിൽ പുതുക്കിയ മോഡല്‍ അവതരിപ്പിച്ചതിനു പിന്നാലെ വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് ബൊലേറോ.

ദീർഘകാലമായി ബൊലേറോ നിരയുടെ ഭാഗമായിരുന്ന 2.5 ലിറ്റർ ഡീസൽ എഞ്ചിനുകൾ പിൻവലിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ശക്തമായ 63 bhp കരുത്തും 195 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്ന 2.5 ലിറ്റർ ഡീസൽ എഞ്ചിനായിരുന്നു ഇത്. അഞ്ച് സ്പീഡാണ് ട്രാൻസ്‍മിഷന്‍. കേന്ദ്ര സർക്കാരിന്റെ പുതിയ മലിനീകരണ നിരോധന ചട്ടം നിലവിൽ വരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.

ഇതിന് പുറമെ ഭാരത് ന്യൂ സേഫ്റ്റി വെഹിക്കിൾ അസസ്മെന്റ് പ്രോഗ്രാം മുന്നോട്ടു വെക്കുന്ന സുരക്ഷാ മാനദണ്ഡങ്ങളും ഈ തീരുമാനത്തിലേക്ക് നയിക്കാന്‍ കമ്പനിയെ പ്രേരിപ്പിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. അതേസമയം സമീപ കാലത്തിൽ കൂടുതല്‍ സുരക്ഷകളോടെ അവതരിപ്പിച്ച ബൊലേറോ പവർ പ്ലസ് വിപണിയിൽ തുടരും. ഈ മോഡലിന്റെ ബി‌എസ് 6 പതിപ്പ് ഇതുവരെ അവതരിപ്പിച്ചിട്ടില്ല. അടുത്ത വർഷം ആദ്യ പാദത്തിൽ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.