വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാഘാതം; മുഹമ്മദ് മുര്‍സിയുടെ ഇളയമകന്‍ മരിച്ചു

single-img
5 September 2019

ഈജിപിതിന്റെ അന്തരിച്ച മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയുടെ ഇളയമകന്‍ അബ്ദുല്ല മുര്‍സി (25) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. കെയ്‌റോയിലുള്ള ഗിസയിലെ ഒയാസിസ് ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. അബ്ദുല്ലയ്ക്ക് വാഹനം ഓടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഇദ്ദേഹത്തിന്റെ മരണം കുടുംബാംഗങ്ങള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.

ഔദ്യോഗികമായി ഈജിപ്ത് ആരോഗ്യമന്ത്രാലയം മരണം സംബന്ധിച്ച് ഇതുവരെ പ്രതികരിച്ചിട്ടില്ല. പ്രസിഡന്റായിരുന്ന മുഹമ്മദ് മുര്‍സി മരണപ്പെട്ട് മൂന്ന് മാസം കഴിയുന്നതിനിടെയാണ് മകന്‍ അബ്ദുല്ല മുര്‍സിയും മരണപ്പെടുന്നത്. പിതാവിന്റേത് മരണമല്ല, കൊലപാതകമാണെന്ന് അബ്ദുല്ല ആരോപിച്ചിരുന്നു. മുഹമ്മദ് മുര്‍സിയുടെ മരണത്തില്‍ അബ്ദുല്ല കടുത്ത ദുഖിതനായിരുന്നുവെന്ന് ഈജിപ്ത് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മുഹമ്മദ് മുര്‍സിയുടെ മക്കളില്‍ ഏറ്റവും വലിയ ഭരണകൂട വിമര്‍ശകനും അവസാന സമയം വിചാരണ വേളയിലടക്കം പിതാവിനെ ഏറ്റവും പിന്തുണക്കുകയും ചെയ്തത് അബ്ദുല്ലയായിരുന്നു. മുൻപ് അബ്ദുല്ലയെ പല തവണ ഈജിപ്ത് സര്‍ക്കാര്‍ അറസ്റ്റ് ചെയ്തിട്ടുണ്ട്.