കോൺഗ്രസ്സിന്റെ ആശുപത്രി കെട്ടിടം പണിത കരാറുകാരൻ അതേ കെട്ടിടത്തിന്റെ മുകളിൽ മരിച്ചനിലയിൽ; പ്രാദേശിക നേതൃത്വത്തിനെതിരെ കുടുംബം

single-img
5 September 2019

കണ്ണൂർ: കണ്ണൂർ ചെറുപുഴയിൽ കരാറുകാരൻ അസ്വാഭാവികമായി മരിച്ച നിലയിൽ. കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കെ. കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടത്തിന്റെ മുകളിൽ നിന്നുമാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതാകാം എന്നാണ് പ്രാഥമിക നിഗമനം. ചെറുപുഴ സ്വദേശി കുന്നേൽ ജോസഫ് എന്ന ജോയ് ആണ് മരിച്ചത്.

കൈയിലെ ഞരമ്പ് മുറിച്ച നിലയിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. പണം കിട്ടാനും കൊടുക്കാനുമുള്ള കണക്കുകൾ രേഖപ്പെടുത്തിയ ഒരു കുറിപ്പും പൊലീസ് സ്ഥലത്ത് നിന്നും കണ്ടെടുത്തു. കുറിപ്പിൽ മറ്റ് ചില കാര്യങ്ങൾ എഴുതിയിയിട്ടുണ്ടെങ്കിലും വ്യക്തത വരുത്താനായിട്ടില്ല.

കോൺഗ്രസിന്റെ നേതൃത്വത്തിലുള്ള കെ കരുണാകരൻ മെമ്മോറിയൽ ആശുപത്രി കെട്ടിടം നിർമ്മിച്ച വകയിൽ ഒരു കോടിയിലധികം രൂപ ജോയിക്ക് കിട്ടാനുണ്ടെന്ന് ഭാര്യാ സഹോദരൻ പറഞ്ഞു. ഇന്ന് രാവിലെയാണ് ഇതേ ആശുപത്രി കെട്ടിടത്തിന് മുകളിൽ ജോയിയെ മരിച്ച നിലയിൽ കണ്ടത്തിയത്.

മകളുടെ ചികിത്സയുമായി ബന്ധപ്പെട്ടും ജോയിക്ക് സാമ്പത്തിക ബാധ്യത ഉണ്ടായിരുന്നതായി കുടുംബാം​ഗങ്ങൾ പറയുന്നു.

പണം ലഭിക്കുന്നത് സംബന്ധിച്ച് ചില ചർച്ചകൾ നടന്നിരുന്നു. ഇതിന് ശേഷം ജോയിയെ കാണാതായി. തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. മൃതദേഹം കണ്ടെത്തിയ സ്ഥലത്ത് വിശദമായ പരിശോധനകൾ നടത്തിയതിന് ശേഷമാകും പോസ്റ്റ്മോർട്ടം നടപടികളിലേക്ക് കടക്കുക.