ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ സർക്കാർ ഏറ്റെടുത്തു; തീരുമാനത്തോടെ അര ലക്ഷത്തോളം തൊഴിലാളികൾ സർക്കാർ ജീവനക്കാരായി മാറി

single-img
5 September 2019

സാമ്പത്തികമായി പ്രതിസന്ധിയിലായിരുന്ന ആന്ധ്രാപ്രദേശ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ഇനി സർക്കാർ സ്ഥാപനം. എപിഎസ്ആർടിസി സർക്കാരിൽ ലയിപ്പിക്കാനുളള തീരുമാനത്തിന് ഇന്ന് ചേര്‍ന്ന ആന്ധ്രാ മന്ത്രിസഭ അംഗീകാരം നൽകി. സര്‍ക്കാരിന്റെ ഈ തീരുമാനത്തോടെ അര ലക്ഷത്തോളം തൊഴിലാളികൾ സർക്കാർ ജീവനക്കാരായി മാറി. നിലവില്‍ കോർപ്പറേഷന്‍റെ ബാധ്യത 6373 കോടി രൂപയാണ്.

സാമ്പത്തിക പ്രതിസന്ധിയാല്‍ ജീവനക്കാർക്ക് ശമ്പളം കൊടുക്കാനോ വിരമിച്ചവർക്ക് പെൻഷന്‍ നല്‍കാനോ കോര്‍പ്പറേഷന് പണമുണ്ടായിരുന്നില്ല. ഇതിനെ തുടര്‍ന്ന് ജോലിയില്‍ സുരക്ഷിത്വം തേടി എപിഎസ്ആർടിസി ജീവനക്കാർ സമരത്തിലേക്ക് കടന്നിരുന്നു. തങ്ങള്‍ തെരഞ്ഞെടുപ്പില്‍ അധികാരത്തിലെത്തിയാൽ എപിഎസ്ആർടിസി സർക്കാരിൽ ലയിപ്പിക്കുമെന്ന ജഗൻ മോഹൻ റെഡ്ഡി സമരം ചെയ്ത തൊഴിലാളികള്‍ക്ക് നല്‍കിയ വാഗ്ദാനമാണ് ഇപ്പോള്‍ പാലിക്കപ്പെടുന്നത്.

53261 ജീവനക്കാരാണ്ർഇപ്പോള്‍ സ്ഥാപത്തില്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്കുള്ള വിരമിക്കൽ പ്രായം സർക്കാർ ജീവനക്കാരുടേത് പോലെ 58ൽ നിന്ന് 60 ആയി ഉയരും. സര്‍ക്കാര്‍ ജീവനക്കാരുടെ എല്ലാ ആനുകൂല്യങ്ങളും ലഭിക്കുകയും ചെയ്യും. കോർപ്പറേഷൻ ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് പഠിക്കാൻ നിയോഗിച്ച ആഞ്ജനേയ കമ്മിറ്റിയുടെ ശുപാർശകൾ എല്ലാം മന്ത്രിസഭ അംഗീകരിച്ചു.

മന്ത്രിസഭയില്‍ ഇനി നിലവിൽ വരുന്ന പൊതുഗതാഗത വകുപ്പിന് പ്രത്യേക ബജറ്റ് വിഹിതം ഉണ്ടാകും. വരുന്ന മൂന്ന് മാസത്തിനുളളിൽ ലയന നടപടികൾ പൂർത്തിയാക്കാനാണ് മുഖ്യമന്ത്രിയുടെ നിർദേശം. പ്രാഥമികമായി എപിഎസ്ആർടിസിയിലെ നഷ്ടം നികത്തുകയാണ് സർക്കാരിന് വെല്ലുവിളി. വരും നാളുകളില്‍ കൂടുതൽ ഇലക്ട്രിക് ബസുകള്‍ നിരത്തിലിറക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.