യുവതിയുടെ പരാതി സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു; ആദിവാസികളെ കുടിയൊഴിപ്പിക്കാൻ വേണ്ടി ഭീഷണിപ്പെടുത്തി: വിവാദ എസ്ഐ അമൃത് രംഗന്റെ ചെയ്തികൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു

single-img
5 September 2019

സിപിഎം നേതാവ് സക്കീർ ഹുസൈനോട് രാഷ്ട്രീയക്കാരുടെ നിർദേശം അനുസരിക്കാനല്ല താൻ എസ് ഐ ആയതെന്ന് തുറന്നടിച്ച് വാർത്തകളിൽ നിറഞ്ഞ കളമശ്ശേരി അമൃത് രംഗന്റെ മുൻകാല ചെയ്തികൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നു. തന്നെ എതിർക്കുന്നവരെ നേരിടാൻ സമൂഹമാധ്യമങ്ങളെയും പ്രാദേശിക മാധ്യമങ്ങളെയും തെറ്റായ രീതിയിൽ ഉപയോഗിക്കുന്നത് അമൃത് രംഗന്റെ ശീലമാണെന്നാണ് ആരോപണം.

യുവാവിനെതിരെ പൊലീസിൽ പരാതി നൽകിയ യുവതിയുടെ വിവരങ്ങൾ വാട്സാപ്പ് അടക്കമുള്ള സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിന് ഇദ്ദേഹത്തിനെതിരെ പരാതിയും ഉണ്ടായിട്ടുണ്ട്. ഈ നടപടിയ്ക്കെതിരെ യുവതി പരാതി നൽകുകയും വനിതാ കമ്മീഷന് മൊഴി നൽകുകയും റിപ്പോർട്ടുകളിൽ നിന്നും മനസിലാക്കാനാവുക. യുവതിയുടെ പരാതിയിലെ ആരോപണവിധേയനായ ബാർബർഷോപ്പ് ഉടമ എസ്ഐ തന്നെ മാനസികമായി പീഡിപ്പിക്കുന്നു എന്ന് കാണിച്ച് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ഇട്ടതിനെ തുടർന്ന് രഹസ്യ സ്വഭാവം സൂക്ഷിക്കേണ്ട ഔദ്യോഗിക രേഖകളുടെ വിശദാംശങ്ങൾ ഉൾപ്പെടെ സമൂഹ മാധ്യമങ്ങളിൽ എസ്ഐയും പ്രചരിപ്പിച്ചു എന്നായിരുന്നു യുവതിയുടെ പരാതി. ഇതിൽ തന്റെ പരാതിയുടെ ഭാഗവും ഉണ്ടെന്നും ഇത് തന്റെ സ്വകാര്യത പരസ്യപ്പെടുത്തുന്നതും, സമൂഹത്തിൽ മാനഹാനിക്ക് ഇടയാക്കുന്നതുമായ നടപടിയാണെന്ന് കാണിച്ച് യുവതി വനിതാ കമ്മീഷന് അടക്കം പരാതി നൽകിയിരുന്നു.

ഇതിന് മുൻപും എസ് ഐക്കെതിരെ മറ്റ് നിരവധി പരാതികൾ ഉയർന്നിർന്നു. പൂക്കോട്ടുംപാടത്ത് റീഗൽ എസ്റ്റേറ്റിന് വേണ്ടി എസ് ഐ അമൃതരംഗൻ ആദിവാസികളെ ഭീഷണിപ്പെടുത്തി കുടിയൊഴിപ്പിക്കാൻ ശ്രമിച്ചിരുന്നതിനെതിരെയും പരാതി നിലവിലുണ്ട്. കള്ളകേസിൽ കുടുക്കുമെന്നും, പൊലീസ് വേരിഫിക്കേഷൻ നടക്കുന്ന സമയത്ത് ക്ലിയറൻസ് തരില്ല എന്നും മറ്റും ഭീഷണിപ്പെടുത്തിയതായി ആദിവാസി കോളനി മൂപ്പൻ ഗോപാലനും കുടുംബവും പരാതി നൽകിയിരുന്നു. കുടുംബ ക്ഷേത്രത്തിലേക്കുള്ള മാർഗ്ഗം തടഞ്ഞ് ആരാധന സ്വാതന്ത്ര്യം ഉൾപ്പെടെ തടസ്സപ്പെടുത്തി.  തങ്ങളുടെ പക്കലുള്ള രണ്ട് ഏക്കറൊളം ഭൂമി കൈവശപ്പെടുത്താനുള്ള റീഗൽ എസ്റ്റേറ്റിന്റെ ശ്രമത്തിന് എസ് ഐ കൂട്ട് നിൽക്കുന്നു എന്നും കാണിച്ചായിരുന്നു ആദിവാസി മൂപ്പൻ ഗോപാലനും കുടുംബവും പരാതി നൽകിയിരുന്നത്. ആദിവാസികളുടെ പ്രധാന ആരാധന കേന്ദ്രമായ വനദുർഗ്ഗാദേവി ക്ഷേത്രത്തിലേക്കുള്ള യാത്ര തടസ്സപ്പെടുത്തി മുൻപും ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നും പരാതിയുണ്ട്.

മാനസികാസ്വാസ്ഥ്യമുള്ള യുവാവിനെ പൊലീസ് സ്റ്റേഷനിൽ വച്ച് മുളക് തീറ്റിച്ചു എന്ന പരാതിയും മുൻപ് ഇതേ എസ് ഐ ക്കെതിരെ ഉയർന്നിട്ടുണ്ട്.

എസ് ഐ അമൃതരംഗൻ ഗുണ്ടായിസം കാണിക്കുന്നുവെന്നും, പ്രതികാര ബുദ്ധിയോടെ കള്ള കേസുകൾ എടുക്കുന്നുവെന്നും, ജീവിക്കാനനുവദിക്കുന്നില്ലെന്നും ആരോപിച്ച് യൂത്ത് ലീഗ് നേരത്തെ പ്രതിഷേധമാർച്ച് നടത്തിയിരുന്നു.

പരാതിക്കാരന്റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്ത് പ്രചരിപ്പിച്ച എസ്ഐ യുടെ നടപടി കൃത്യവിലോപമാണെന്നും, മേലുദ്യോഗസ്ഥരുടെ ഫോൺ സംഭാഷണമടക്കം എസ്ഐ റെക്കോർഡ് ചെയ്ത് പ്രചരിപ്പിക്കാറുണ്ട് എന്നും സി പി എം നേതാവ് സക്കീർ ഹുസൈൻ ആരോപിച്ചിട്ടുണ്ട്. എസ്ഐയുടെ ഫോൺ പിടിച്ചെടുത്തു പരിശോധിക്കണമെന്നും എസ്ഐയ്ക്കെതിരെ പരാതി നൽകുമെന്നും സക്കീർ ഹുസൈൻ സംഭവത്തിൽ പ്രതികരിച്ചു.