അവസാന നിമിഷം പാലായിൽ വിമതനെ ഇറക്കി ജോസഫിന്‍റെ നീക്കം

single-img
4 September 2019

ഇന്ന് നാമനിർദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം അവസാനിക്കാന്‍ ഏതാനും മിനിറ്റുകള്‍ ബാക്കിനില്‍ക്കെ സുപ്രധാന നീക്കവുമായി കേരളാ കോൺഗ്രസിൽ ജോസഫ് വിഭാഗം. യുഡിഎഫ് അംഗീകരിച്ച ജോസ് കെ മാണി വിഭാഗം സ്ഥാനാർത്ഥി ജോസ് ടോമിന് ബദലായി ജോസഫ് പക്ഷത്ത് നിന്നൊരാള്‍ അവസാനനിമിഷം പത്രിക നല്‍കാനെത്തി.

പാര്‍ട്ടിയുടെ കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറിയും ജോസഫ് ഗ്രൂപ്പ് നേതാവുമായ ജോസഫ് കണ്ടത്തിലാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പിജെ ജോസഫിന്റെ പി.എയും പാലായിലെ ജോസഫ് ഗ്രൂപ്പ് നേതാക്കളും പത്രികാ സമര്‍പ്പണ ചടങ്ങിനെത്തിയിരുന്നു.

പാര്‍ട്ടിയുടെ ഔദ്യോഗിക ചിഹ്നമായ രണ്ടില ജോസ് ടോമിന് കിട്ടുന്നതില്‍ ആശയക്കുഴപ്പം നിലനില്‍ക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി ജോസഫ് പക്ഷവും സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുന്നത്. ഇതില്‍ രാഷ്ട്രീയം കാണേണ്ട എന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് താന്‍ മത്സരിക്കുന്നതെന്നും ജോസഫ് കണ്ടത്തില്‍ പ്രതികരിച്ചു. നാളെയാണ് ചിഹ്നം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട നിര്‍ണായക ദിവസം. ഏഴാം തീയതിയാണ് നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസം. ചിഹ്നത്തിന്‍റെ കാര്യത്തില്‍ നിയമ പോരാട്ടം തുടരുമെന്ന് ജോസ് കെ. മാണി വിഭാഗം പ്രഖ്യാപിച്ചിട്ടുണ്ട്.

രണ്ടില ചിഹ്നം അനുവദിച്ച് കിട്ടണമെങ്കില്‍ ഇന്ന് മൂന്നുമണിക്ക് മുമ്പ് പാര്‍ട്ടി ചെയര്‍മാന്റെ കത്ത് ഹാജരാക്കണമെന്ന് വരണാധികാരി യുഡിഎഫ് സ്ഥാനാര്‍ഥിയെ അറിയിച്ചിരുന്നു. വരണാധികാരിയുടെ മുന്നില്‍ ഒരു വാദപ്രതിവാദം ഉണ്ടായാല്‍ തങ്ങളുടെ ഭാഗം വിശദീകരിക്കാന്‍ ഒരാള്‍കൂടി വേണമെന്നുള്ളതിനാലാണ് ഈ സ്ഥാനാര്‍ഥിത്വം എന്നതാണ് ജോസഫ് വിഭാഗം പറയുന്ന സാങ്കേതികത്വം. എന്നാല്‍ ജോസഫ് പക്ഷം പത്രിക പിന്‍വലിക്കാന്‍ തയ്യാറാകുമോ എന്നതും രണ്ടില ചിഹ്നം അനുവദിക്കുന്നതും ജോസഫിന്‌ ചെയര്‍മാന്‍ സ്ഥാനം അംഗീകരിച്ച് കിട്ടുന്നതിനുള്ള സമ്മര്‍ദമായും നിരീക്ഷകര്‍ വിലയിരുത്തുന്നു.