നരേന്ദ്രമോദി മരിക്കാന്‍ തയ്യാറായിക്കോളു: വിഷപ്പാമ്പുകളുമായി പാക് ഗായികയുടെ വീഡിയോ

single-img
4 September 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്കെതിരെ വിചിത്രമായ ഭീഷണിയുമായി പാക് ഗായിക പീർസാദ. താൻ വളർത്തുന്ന മാരകവിഷപ്പാമ്പുകളോടും ചീങ്കണ്ണി അടക്കമുള്ള ഉരഗങ്ങളോടുമൊപ്പമിരുന്നുകൊണ്ട് പീർസാദ ഭീഷണി മുഴക്കുന്ന വീഡിയോ ട്വിറ്ററിൽ വൈറലായിരിക്കുകയാണ്. മുൻപും ഇത്തരം വിചിത്രമായ വീഡിയോകൾ അവർ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ പ്രകോപിതയായാണ് ഇത്തരമൊരു ഭീഷണി.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും ഇന്ത്യയിലെ ജനങ്ങള്‍ക്കും ഭീഷണിയുമായാണ് പീര്‍സാദ രംഗത്തെത്തിയിരിക്കുന്നത്. തന്റെ കൈവശമുള്ള വിഷപ്പാമ്പുകളെ നിയന്ത്രണരേഖയ്ക്കിപ്പുറം കടത്തിവിടുമെന്നാണ് ഇന്ത്യാക്കാരോടുള്ള പീർസാദയുടെ ഭീഷണി.

പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള സമ്മാനങ്ങളിലൊന്നാണിതെന്ന തലക്കെട്ടോടു കൂടിയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

നരേന്ദ്രമോദിയെ കാത്തിരിക്കുന്നത് നരകതുല്യമായ മരണമാണെന്നും പീർസാദ പറയുന്നു.

“ ഒരു കശ്മീരി പെൺകുട്ടിയെന്ന നിലയിൽ ഈ പാമ്പുകളെയെല്ലാം ഞാൻ നരേന്ദ്രമോദിയ്ക്ക് സമ്മാനിക്കുന്നു. നരകത്തിൽ മരിക്കാൻ തയ്യാറായിക്കോളൂ. പക്ഷേ എന്റെ ഈ ഉരഗസുഹൃത്തുക്കളെല്ലാം സമാധാനപ്രിയരാണ്.”

പീർ സാദ പറയുന്നു.

കശ്മീരികൾക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള ചില ഗാനങ്ങളും പിര്‍സാദ വീഡിയോയില്‍ ആലപിക്കുന്നുണ്ട്. ഇതാദ്യമായല്ല പിര്‍സാദ ഇത്തരത്തില്‍ ഇന്ത്യയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങള്‍ ഉന്നയിക്കുന്നത്.

കാശ്മീരിലെ പ്രത്യേക പദവി റദ്ദാക്കിയതിനെ സംബന്ധിച്ചു പാകിസ്ഥാനിലെ രാഷ്ട്രീയ നേതാക്കളും കായികതാരങ്ങളും കലാകാരന്മാരും ഇന്ത്യയ്‌ക്കെതിരെ മോശം പരാമര്‍ശവുമായി രംഗത്തെത്തിയിരുന്നു.