മുത്തൂറ്റ് ഫിനാന്‍സ് സമരം: തൊഴില്‍മന്ത്രി വിളിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്ന് മനേജ്മെന്റ്

single-img
4 September 2019

മുത്തൂറ്റ് ഫിനാന്‍സിൽ നടക്കുന്ന സമരം ഒത്തുതീര്‍പ്പാക്കാന്‍ സംസ്ഥാന തൊഴില്‍മന്ത്രി ടിപി രാമകൃഷ്ണന്‍ വിളിച്ച ചര്‍ച്ച നടന്നില്ല. ഇന്ന് തിരുവനന്തപുരത്ത് മൂന്ന് മണിക്ക് നിശ്ചയിച്ച ചര്‍ച്ചയില്‍ പങ്കെടുക്കാനാവില്ലെന്ന് മനേജ്മെന്റ് സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. മുൻകൂട്ടി നിശ്ചയിച്ചത് പ്രകാരം സിഐടിയു നേതാക്കള്‍ മാത്രമാണ് ചര്‍ച്ചക്ക് എത്തിയത് .

വിഷയത്തിൽ സര്‍ക്കാരിന് തുറന്ന സമീപനമാണ് ഉള്ളതെന്നും ഒന്‍പതാം തീയതി കോട്ടയത്ത് വീണ്ടും ചര്‍ച്ച നടത്തുമെന്നും മന്ത്രി ടിപി രാമകൃഷ്ണന്‍ പറഞ്ഞു. നിലവിൽ സമരത്തിന്റെ ഭാഗമായി തിരുവനന്തപുരത്തെ 133 ബ്രാഞ്ചും റീജ്യണൽ, സോണൽ ഓഫീസുകളും പൂർണമായും അടഞ്ഞുകിടക്കുകയാണ്‌.

തൊഴിലാളികളുടെ ശമ്പള വർദ്ധന നടപ്പിൽ വരുത്തുക, മന്ത്രിയുടെയും ലേബർ കമീഷണറുടെയും സാന്നിധ്യത്തിൽ ഉണ്ടാക്കിയ കരാർ വ്യവസ്ഥകൾ നടപ്പാക്കുക, തൊഴിൽനിയമ ലംഘനങ്ങൾ അവസാനിപ്പിക്കുക, പ്രൊബേഷൻ ജീവനക്കാരെ സ്ഥിരപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ്‌ നോൺ ബാങ്കിങ് ആൻഡ്‌ പ്രൈവറ്റ് ഫിനാൻസ് എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) സമരം നടത്തുന്നത്.