ജനകീയ പ്രതിഷേധങ്ങൾ വിജയംകണ്ടു; ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള വിവാദ ബില്ല് ഹോങ്‍കോങ് പിൻവലിച്ചു

single-img
4 September 2019

കഴിഞ്ഞ ഏതാനും മാസങ്ങളായി നീണ്ടുനിന്ന വൻ ജനകീയ പ്രതിഷേധങ്ങൾക്കൊടുവിൽ ചൈനയ്ക്ക് കുറ്റവാളികളെ കൈമാറാനുള്ള വിവാദ ബില്ല് ഹോങ്‍കോങ് ഭരണാധികാരി കാരി ലാം പിൻവലിച്ചു. രാജ്യത്തെ ”അപകടകാരികളായ കുറ്റവാളികളെ” ചൈനയ്ക്ക് കൈമാറാനെന്ന പേരിലായിരുന്നു കുറ്റവാളികളെ കൈമാറാനുള്ള ബില്ല് ഹോങ്‍കോങ് ഭരണകൂടം കൊണ്ടുവന്നത്. സർക്കാർ നടപടിക്കെതിരെ ഹോങ്കോങ്ങിനെ സ്വതന്ത്രമാക്കുക എന്ന ആവശ്യവുമായി ലക്ഷക്കണക്കിന് യുവാക്കളും വിദ്യാർത്ഥികളും ജനങ്ങളും തെരുവിലേക്ക് ഇറങ്ങുകയായിരുന്നു.

പല സമയങ്ങളിലും അക്രമങ്ങളിലേക്ക് വഴിമാറിയ വൻ പ്രക്ഷോഭങ്ങൾക്കൊടുവിലാണ് വിവാദബില്ല് പിൻവലിക്കാൻ കാരി ലാം തയ്യാറാകുന്നത്. ചൈനയുടെ നിയന്ത്രണമുള്ളതും സ്വതന്ത്രഭരണകൂടമുള്ളതുമായ പ്രദേശമാണ് ഹോങ്‍കോങ്. ഏറെനാൾ നീണ്ടുനിന്നസ്വാതന്ത്ര്യപ്രക്ഷോഭങ്ങൾക്ക് ശേഷമാണ് ഹോങ്‍കോങിന് സ്വയംഭരണാവകാശം ലഭിച്ചത്. ഇപ്പോഴുള്ള ഭരണാധികാരിയായ കാരി ലാം ചൈനയുടെ കളിപ്പാവയാണെന്ന ആരോപണം വ്യാപകമാണ്. ജനകീയ പ്രതിഷേധത്തെ തുടർന്ന്ഹോങ്‍കോങ് ഭരണകൂടം തയ്യാറാക്കിയ ബില്ല് തൽക്കാലം ചൈനീസ് ഭരണകൂടം പരിഗണിക്കാതെ തിരിച്ചയച്ചെന്നാണ് സൂചന. അതേസമയം കാരി ലാം രാജിയ്ക്ക് ഒരുങ്ങിയെന്നും അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്.

ഇന്ന് രാവിലെയായിരുന്നു ലാം ബില്ല് പിൻവലിക്കുന്നതായി ദേശീയ ടെലിവിഷനിലൂടെ പ്രഖ്യാപിച്ചത്. ബില്ലിനെതിരായുള്ള പ്രക്ഷോഭത്തിൽ പങ്കെടുത്ത ആയിരത്തിലധികം പ്രതിഷേധക്കാരെ ഹോങ്‍കോങ് ഭരണകൂടം അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യുവാക്കൾ പാർലമെന്‍റ് വളപ്പിൽ വരെ അതിക്രമിച്ച് കയറി പ്രതിഷേധിക്കുകയുണ്ടായി. പിന്തുണയുമായി കഴിഞ്ഞ ദിവസം മുതൽ സ്കൂൾ വിദ്യാർത്ഥികൾ ക്ലാസ്സുകളുപേക്ഷിച്ച് പ്രതിഷേധത്തിനിറങ്ങി. രാജ്യത്തെ ജനങ്ങളെ വിശ്വാസത്തിലെടുക്കുംവരെ ബില്ല് പിൻവലിക്കുകയാണെ ന്നാണ് കാരി ലാം പ്രഖ്യാപിച്ചത്.