ചന്ദ്രയാന്‍ രണ്ട് വിജയത്തോടടുക്കുന്നു; വിക്രം ലാന്‍ഡറിന്റെ രണ്ടാം ദിശാക്രമീകരണവും വിജയകരം

single-img
4 September 2019
isro

ബെംഗളൂരു: ഇന്ത്യയുടെ ചാന്ദ്രപര്യവേക്ഷണ ദൗത്യമായ ‘ചന്ദ്രയാന്‍- രണ്ട്’ വിജയത്തോടടുക്കുന്നു. ചാന്ദ്രഭ്രമണപഥത്തില്‍ ചലിക്കുന്ന മാതൃപേടകമായ ‘ഓര്‍ബിറ്ററി’ല്‍ നിന്ന് കഴിഞ്ഞ ദിവസം വേര്‍പെട്ട് സ്വതന്ത്ര സഞ്ചാരമാരംഭിച്ച ‘ലാന്‍ഡറി’ (ചന്ദ്രോപരിതലത്തിലിറങ്ങുന്ന പേടക ഭാഗം) ന്റെ രണ്ടാമത്തെ ദിശാക്രമീകരണവും വിജയകരമായി പൂര്‍ത്തിയാക്കി. ബുധനാഴ്ച പുലര്‍ചച്ചെ 3.45-നാണ് ഒമ്പത് സെക്ന്‍ഡ്‌ക്കൊണ്ട് ഭ്രമണപഥം താഴ്ത്തിയത്. ഇതോടെ വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിന് 35 കിലോമീറ്റര്‍ മാത്രം അകലെയായി.

ആദ്യത്തെ ദിശാക്രമീകരണം ചൊവ്വാഴ്ച വിജയകരമായി നടന്നിരുന്നു. മൂന്ന് ദിവസം കൊണ്ട് പേടകം ചന്ദ്രോപരിതലത്തില്‍ ഇറങ്ങും. ‘ലാന്‍ഡര്‍’ ചന്ദ്രനിലിറങ്ങുന്ന ചരിത്രമുഹൂര്‍ത്തമാഘോഷിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ബെംഗളൂരുവില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണസംഘടന(ഐ.എസ്.ആര്‍.ഒ.)യുടെ ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് കേന്ദ്രത്തിലെത്തും.

രണ്ടാമത്തേതും അവസാനത്തേതുമായ ദിശാക്രമീകരണം വിജയകരമായി പൂര്‍ത്തിയാക്കിയതോടെ ലാന്‍ഡര്‍ ചന്ദ്രനിലിറങ്ങുന്നതിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി. ‘ഓര്‍ബിറ്ററി’ലെയും ‘ലാന്‍ഡറി’ലെയും എല്ലാ ഘടകങ്ങളും തൃപ്തികരമായി പ്രവര്‍ത്തിക്കുന്നതായി ഐ.എസ്.ആര്‍.ഒ. അറിയിച്ചു.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ‘ലാന്‍ഡറി’ന്റെ പ്രവര്‍ത്തനം സൂക്ഷ്മമായി നിരീക്ഷിക്കും. തുടര്‍ന്ന് ശനിയാഴ്ച പുലര്‍ച്ചെ 1.30-നും 2.30-നുമിടയില്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങും. ചന്ദ്രനിലിറങ്ങുന്നതിനുമുമ്പ് ചന്ദ്രോപരിതലത്തിന്റെ ചിത്രം ‘ലാന്‍ഡറി’ലെ ക്യാമറ പകര്‍ത്തും.

ദക്ഷിണധ്രുവത്തിലെ രണ്ട് ഗര്‍ത്തങ്ങള്‍ക്കിടയിലെ പ്രതലത്തിലാണ് ‘ലാന്‍ഡര്‍’ ഇറങ്ങുന്നത്. ബെംഗളൂരുവിലെ ഐ.എസ്.ആര്‍.ഒ. ട്രാക്കിങ് ആന്‍ഡ് കമാന്‍ഡ് നെറ്റ്വര്‍ക്ക് കേന്ദ്രത്തിലെയും മിഷന്‍ ഓപ്പറേഷന്‍ കോംപ്ലക്‌സിലെയും ശാസ്ത്രജ്ഞരാണ് പേടകത്തെ നിയന്ത്രിക്കുന്നത്.