യുപിയിലെ പൂര്‍ണ്ണ സംഘടനാ ചുമതല ഏറ്റെടുക്കാന്‍ പ്രിയങ്കാ ഗാന്ധി; ലക്‌ഷ്യം 2022 നിയമസഭാ തെരഞ്ഞെടുപ്പ്

single-img
3 September 2019

ദേശീയ രാഷ്ട്രീയത്തിൽ ശക്തമായി തിരികെയെത്താൻ കോൺഗ്രസ് ശ്രമം. ഇതിന്റെ ഭാഗമായി യുപിയിലെ കോൺഗ്രസിന്റെ മുഴുവന്‍ സംഘടന ചുമതലയും ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിക്ക് നൽകാൻ പാർട്ടിയുടെ തീരുമാനം. ദേഹീയ മാധ്യമമാണ് ഇത് സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

ലോക്സഭാ തെരഞ്ഞെടുപ്പിൽ കിഴക്കന്‍ യുപിയിലെ സംഘടന ചുമതലകളാണ് പ്രിയങ്കാ ഗാന്ധി വഹിച്ചിരുന്നത്. ഇപ്പോൾ രാജ് ബബ്ബറാണ് യുപി കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ്. യുവാക്കളെ കൂടുതൽ ഉള്‍പ്പെടുത്തി പൂര്‍ണമായും പുതിയ സംസ്ഥാന കമ്മിറ്റിയെയാണ് പ്രിയങ്ക നിയമിക്കുക എന്നും സൂചനയുണ്ട്. 2022ൽ നടക്കാനുള്ള നിയമസഭ തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് ഉടച്ചുവാര്‍ക്കല്‍.

ജനങ്ങളിൽ അടിത്തട്ടില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തി പ്രതാപം വീണ്ടെടുക്കുകയാണ് ലക്ഷ്യം. പുനഃസംഘടനയുടെ ഫലമായി ഒ ബി സി, ദലിത്, വനിതാ നേതാക്കള്‍ക്ക് കൂടുതല്‍ പ്രാമുഖ്യം ലഭിക്കുമെന്നാണ് കരുതപ്പെടുന്നത്. സംസ്ഥാനത്തെ സംഘടന ചുമതല ഏറ്റെടുക്കുന്നതിന് മുന്നോടിയായി സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി പ്രിയങ്ക കൂടിക്കാഴ്ച നടത്തിയിരുന്നു.

പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുക്കുന്നതിന്‍റെ ഭാഗമായി യുപിയിലെ മുതിര്‍ന്ന നേതാക്കളില്‍നിന്ന് അഭിപ്രായം തേടിയിട്ടുണ്ട്. ഇതിന്റെ പിന്നാലെ എഐസിസി സെക്രട്ടേറിമാരായ സചിന്‍ നായിക്, ധീരജ് ഗുര്‍ജര്‍സ ബാജിറാവോ എന്നിവരടങ്ങിയ സംഘം ഓരോ ജില്ലയിലുമെത്തി പ്രാദേശിക നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.