അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും 5,000 സൈനികസംഘങ്ങളെ പിന്‍വലിക്കും

single-img
3 September 2019

കാബൂള്‍: അമേരിക്ക അഫ്ഗാനിസ്ഥാനില്‍ നിന്നും അയ്യായിരത്തോളം സൈനികസംഘങ്ങളെ പിന്‍വലിക്കും.135 ദിവസത്തിനുള്ളില്‍ അഞ്ച് സൈനിക താവളങ്ങളും അടയ്ക്കും. താലിബാനുമായി തയ്യാറാക്കിയ സമാധാന ഉടമ്പടിപ്രകാരമാണ് ഈ നടപടികളെന്ന് യുഎസ് ഇടനിലക്കാരന്‍ സാല്‍മെയ് ഖാലിസദ് അറിയിച്ചു.

താലിബാന്‍ പ്രതിനിധികളുമായി മാസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ എത്തിയ ഈ കരാര്‍ ഒപ്പുവെക്കുന്നതിന് മുമ്പ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അംഗീകരിക്കേണ്ടതുണ്ട്. ടോളോ ന്യൂസ് ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ ഖലീല്‍സാദ് പറഞ്ഞു. കരാറിന്റെ കരട് സംബന്ധിച്ച് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയെ അറിയിച്ചിട്ടുണ്ട്. അഭിപ്രായം പറയുന്നതിനുമുമ്പ് കരാറിന്റെ വിശദാംശങ്ങള്‍ പരിശോധിക്കുമെന്ന് അദ്ദേഹത്തിന്റെ വക്താവ് പറഞ്ഞു.

ഘട്ടംഘട്ടമായ സൈനിക പിന്‍വാങ്ങലിന് പകരമായി, അമേരിക്കയ്ക്കും സഖ്യകക്ഷികള്‍ക്കുമെതിരെ ആക്രമണം നടത്താന്‍ അഫ്ഗാനിസ്ഥാനെ തീവ്രവാദികള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുതെന്ന് കരാറില്‍ നിര്‍ദേശമുണ്ട്. രാഷ്ട്രീയ ഒത്തുതീര്‍പ്പിലെത്താനും കാബൂളില്‍ താലിബാനും പാശ്ചാത്യ പിന്തുണയുള്ള സര്‍ക്കാരും തമ്മിലുള്ള പോരാട്ടം അവസാനിപ്പിക്കാനും ‘ഇന്‍ട്രാ അഫ്ഗാന്‍’ ചര്‍ച്ചകള്‍ക്കുള്ള വ്യവസ്ഥയും കരാറില്‍ ഉള്‍പ്പെടുന്നു.