ഉമ്മന്‍ചാണ്ടി ഭരണകാലത്തെ ടൈറ്റാനിയം അഴിമതി; കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു

single-img
3 September 2019

ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ണ് നടന്ന ടൈറ്റാനിയം അഴിമതിക്കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടു. പൊതുമേഖലയിലെ സ്ഥാപനമായ ടൈറ്റാനിയത്തില്‍ മാലിന്യ സംസ്‍കരണ പ്ലാന്‍റ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതിയുണ്ടെന്നാണ് കേസ്. കേസ് അന്വഷിച്ചിരുന്ന വിജിലന്‍സ് നൽകിയ ശുപാര്‍ശയെ തുടര്‍ന്നാണ് കോൺഗ്രസ് നേതാക്കളായ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, ഇബ്രാഹിം കുഞ്ഞ് എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണം ഉന്നയിക്കുന്ന കേസ് സിബിഐയ്ക്ക് കൈമാറാൻ സർക്കാർ തീരുമാനിച്ചത്.

ടൈറ്റാനിയത്തില്‍ മെറ്റ്കോണ്‍ എന്ന കമ്പനി നടത്തിയ പഠനറിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് മാലിന്യപ്ലാന്‍റ് നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ഫിന്‍ലാന്‍റ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കെമറ്റോ എക്കോ പ്ലാനിംഗ് എന്ന സ്ഥാപനത്തില്‍ നിന്നും 260 കോടി രൂപക്ക് മാലിന്യ സംസ്കരണപ്ലാന്‍റിനുള്ള ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ ധാരണപത്രം ഒപ്പിട്ടിരുന്നു. ഇതനുസരിച്ചുകൊണ്ട് 86 കോടിയുടെ ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്തെങ്കിലും ഒരുഉപകരണം പോലും ഇതുവരെ സ്ഥാപിക്കാനായില്ല.

നിലവിൽ കേസിൽ ഉദ്യോഗസ്ഥരുള്‍പ്പെടെ ആറുപേരാണ് പ്രതികള്‍. കരാർ വഴി 80 കോടി നഷ്ടം സംഭവിച്ചുവെന്ന് വിജിലൻസ് കണ്ടെത്തിയിരുന്നു. വിദേശത്തെ കമ്പനി ഉൾപ്പെടുന്ന കേസായതിനാൽ സിബിഐക്ക് കൈമാറണമെന്ന് സംസ്ഥാന സര്‍ക്കാരിനോട് വിജിലൻസ് ശുപാർശ ചെയ്യുകയായിരുന്നു.എന്നാൽ, ഇതുമായി ബന്ധപ്പെട്ട് ഏത് തരത്തിലുള്ള അന്വേഷണവും സ്വാഗതം ചെയ്യുന്നുവെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.സംസ്ഥാന സര്‍ക്കാര്‍ തീരുമാനം നടക്കട്ടെ, തകരാര്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ കണ്ടെത്തണമെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.