യുഎഇയില്‍ ഓടിക്കൊണ്ടിരുന്ന സ്കൂള്‍ ബസിന് തീപിടിച്ചു; കുട്ടികള്‍ രക്ഷപെട്ടത് ഡ്രൈവറുടെ സമയോചിത ഇടപെടലില്‍

single-img
3 September 2019

യുഎഇയില്‍ കുട്ടികളുമായി സ്കൂളിലേക്ക് പോകുന്നതിനിടെ റോഡില്‍ ബസിന് തീപിടിച്ചു. ഇന്ന് രാവിലെ 6.30ന് ഷാര്‍ജയിലെ കല്‍ബയിലായിരുന്നു സംഭവം. സംഭവം ശ്രദ്ധയില്‍പ്പെട്ട ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് കുട്ടികള്‍ക്ക് രക്ഷയായത്. അപകടസമയം രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്.

കല്‍ബയില്‍ വില്ലകളുടെ സമീപം ബസ് ഓടിക്കൊണ്ടിരിക്കവേ എഞ്ചിനില്‍ നിന്ന് പുക ഉയരുന്നതുകണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തുകയായിരുന്നു. ഉടനെതന്നെ വാഹനത്തില്‍ തീ ആളിക്കത്താന്‍ തുടങ്ങി. ഈ സമയം എല്ലാ കുട്ടികളെയും ഡ്രൈവര്‍ പുറത്തിറക്കി.

തുടര്‍ന്ന് വിവരം അറിയിക്കുകയും, പോലീസ് – ഡിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കുകയും അടുത്തുള്ള വില്ലകളിലേക്ക് പടരാതെ നിയന്ത്രിക്കുകയും ചെയ്തു. അപകടത്തില്‍ ബസ് പൂര്‍ണമായും കത്തിനശിച്ചു. രക്ഷാപ്രവര്‍ത്തനത്തില്‍ പരിശീലനം സിദ്ധിച്ചിരുന്ന ഡ്രൈവറുടെ സമയോചിത ഇടപെടലാണ് കുട്ടികള്‍ക്ക് തുണയായതെന്ന് അധികൃതര്‍ അറിയിച്ചു. തീപിടുത്തത്തില്‍ ബന്ധപ്പെട്ട ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചു.