രാജസ്ഥാന്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഎം; എതിര്‍ക്കാന്‍ കോണ്‍ഗ്രസ് – ബിജെപി സഖ്യം

single-img
3 September 2019

രാജസ്ഥാനിലെ സിക്കറിൽ നടന്ന വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തി എന്ന ആരോപണവും തുടര്‍ന്ന് നടന്ന പോലീസ് അതിക്രമത്തിന്റെയും പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസിനും ബിജെപിയ്ക്കുമെതിരെ ഇടതുപക്ഷം. തെരഞ്ഞെടുപ്പ് തിരിമറിയില്‍ പ്രതിഷേധിച്ച് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി കത്തയച്ചു.

രാജസ്ഥാനില്‍ നിലനില്‍ക്കുന്ന അരാജകത്വത്തെ അപലപിച്ചുകൊണ്ടാണ് യെച്ചൂരിയുടെ കത്ത്. സംസ്ഥാനത്തെ കോണ്‍ഗ്രസ് സര്‍ക്കാറിനെതിരെ സിക്കറില്‍ പ്രക്ഷോഭം സംഘടിപ്പിക്കാനും പാര്‍ട്ടി ആലോചിക്കുന്നുണ്ട്. അതേപോലെ തന്നെ ഈ വര്‍ഷം അവസാനം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മത്സരിക്കാന്‍ ഒരുങ്ങുന്നുണ്ടെന്നാണ് മേഖലയിലെ രാഷ്ട്രീയ വിദഗ്ധരെ ഉദ്ധരിച്ച് ദ വയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.

‘ സിക്കറില്‍ ഇപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും സിപിഎമ്മിനെതിരെ ഒരുമിച്ച് നില്‍ക്കുകയാണ്. വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പിന്റെ കാര്യത്തിലും ഇതാണ് സംഭവിച്ചത്. പ്രശ്‌നാധിഷ്ഠിതമായ രാഷ്ട്രീയം കൈകാര്യം ചെയ്യുന്നതില്‍ വിദഗ്ധരായ സിപിഎം വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ മികച്ച അവസരമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നുണ്ട്. ‘ സ്ഥലത്തെ രാഷ്ട്രീയ നിരീക്ഷകനായ അഷ്ഫാഖ് കയംഖാനി പറയുന്നു.

സിക്കറിലുള്ള ശ്രീ കല്ല്യാണ്‍ ഗവണ്‍മെന്റ് ഗേള്‍സ് കോളജിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പുമാണ് പ്രശ്‌നങ്ങള്‍ക്ത്ക് തുടക്കമിട്ടത്. തെരഞ്ഞെടുപ്പില്‍ എബിവിപി സ്ഥാനാര്‍ത്ഥി രുചി ചൗധരിയെ ആഗസ്റ്റ് 28ന് വിജയിയായി പ്രഖ്യാപിച്ചിരുന്നു. കേവലം ഒരു വോട്ടിനായിരുന്നു രുചിയുടെ ജയം. എന്നാല്‍ തെരഞ്ഞെടുപ്പില്‍ കോളജ് അഡ്മിനിസ്‌ട്രേഷന്‍ എബിവിപിക്ക് അനുകൂലമായി ക്രമക്കേട് നടത്തിയെന്നും തങ്ങളുടെ സാന്നിധ്യത്തില്‍ വീണ്ടും വോട്ടെണ്ണണമെന്നും ആവശ്യപ്പെട്ട് എസ്എഫ്ഐ രംഗത്തെത്തിയിരുന്നു. അധികൃതര്‍ ആരോപണം നിഷേധിച്ചതോടെ വിദ്യാര്‍ത്ഥികള്‍ കലക്ട്രേറ്റില്‍ പ്രതിഷേധം നടത്തി.

ഇതിനെ തുടര്‍ന്ന് സിക്കര്‍ പോലീസ് ഇടപെടുകയും വനിതാ വിദ്യാര്‍ത്ഥികളെ കയ്യേറ്റം ചെയ്യുകയും ചെയ്തു. ഈ സംഭവത്തില്‍ വിദ്യാര്‍ത്ഥിനികളെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ വൈറലാവുകയും ചെയ്തിരുന്നു.